ചെങ്ങന്നൂർ: ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന ചെങ്ങന്നൂരിൽ ശക്തമായി തുടരുന്നു. ഇന്നലെ ചെങ്ങന്നൂർ മേഖലയിലെ ഹോട്ടലുകൾ, ജ്യൂസ് പാർലറുകൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ തുടങ്ങി 11സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്ത കാരണത്താൽ കല്ലിശേരിയിലുള്ള ഗ്രാന്റ് ഹോട്ടൽ, എം.എസ്. ഫാസ്റ്റ് ഫുഡ് എന്നിവയുടെ പ്രവർത്തനം നിറുത്തിവെപ്പിച്ചു. കൂടാതെ വൃത്തിയില്ലാത്ത സാഹചര്യത്തിൽ അടുക്കള കാണപ്പെട്ടതിൽ ചെങ്ങന്നൂർ ഇന്ത്യൻ കോഫീ ഹൗസിൽ പിഴ ഈടാക്കാൻ നിർദേശം നൽകി. പരിശോധനകൾക്ക് ഫുഡ് സേഫ്റ്റി ഓഫീസർമാരായ എ.എ അനസ്, ആദർശ് വിജയ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചെങ്ങന്നൂർ താലൂക്കിലെ വിവിധ സ്ഥപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരവധി പരിശോധനകളാണ് നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കാര്യക്ഷമമായി നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.