പത്തനംതിട്ട: സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന വിപണന മേളയുടെ നടത്തിപ്പിനായി ജീവനക്കാർ പോയതോടെ കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ പൊതുജനം കണ്ടത് ഒഴിഞ്ഞ കസേരകൾ.

മേള വിജയിപ്പിക്കാനായി കളക്ടറേറ്റിലെ ജീവനക്കാരെ സ്റ്റേഡിയത്തിൽ നിയോഗിച്ചു. മുഴുവൻ ജീവനക്കാരെയും സ്‌റ്റേഡിയത്തിൽ എത്തിക്കാനായിരുന്നു സെക്ഷൻ സൂപ്രണ്ടുമാർക്ക് ലഭിച്ച നിർദേശം. എല്ലാ സർക്കാർ വകുപ്പുകളുടെയും പ്രദർശന സ്റ്റാളുകൾ സ്റ്റേഡിയത്തിലുണ്ട്. ഒൻപത് സെക്ഷനുകളിലായി 120 ജീവനക്കാരാണ് കളക്ടറേറ്റിലുള്ളത്. ഇവരെ മേളയിലെ ഡ്യൂട്ടിക്കിട്ടതോടെയാണ് കസേരകൾ കാലിയായത്. മേള ഡ്യൂട്ടിയുടെ മറവിൽ മുങ്ങിയ ജീവനക്കാരുമുണ്ട്. രാവിലെ സ്റ്റാളിൽ ഉണ്ടായിരുന്നവരെ ഉച്ചയ്ക്ക് കണ്ടില്ല. ഇവർ ഉച്ചയ്ക്ക് ശേഷം കളക്ടറേറ്റിലെ സെക്ഷനുകളിൽ എത്തിയിരുന്നില്ലെന്ന് അപേക്ഷകളും പരാതികളും നൽകാനെത്തിയവർ പറഞ്ഞു.

ഏറെ നേരം കാത്ത് നിന്നവർ നിരാശരായി മടങ്ങി. മലയോര മേഖലകളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിൽ എത്തിയവരുണ്ട്. പ്രദർശന മേള 17 വരെയാണ്. അതു വരെ കളക്ടറേറ്റിലെ പ്രവർത്തനം താളം തെറ്റാനാണ് സാദ്ധ്യത.