പന്തളം:സംഘടനാസ്വാതന്ത്ര്യത്തിനെതിരെയും മതാചാരങ്ങൾക്കെതിരെയും ഫീസും ജി.എസ്.ടിയും ചുമത്താനുള്ള നഗരസഭാ അധികൃതരുടെ നീക്കത്തിനെതിരെ കൗൺസിലിൽ പ്രതിഷേധം. പന്തളം നവരാത്രി മണ്ഡപത്തോടനുബന്ധിച്ചുള്ള സ്ഥലത്താണ് നവരാത്രി ആഘോഷങ്ങൾ നടത്തുന്നതും സാംസ്‌കാരിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും യോഗങ്ങൾ നടത്തുന്നതും . ഇതിന് തടസം സൃഷ്ടിക്കാനായി രണ്ടായിരത്തി അഞ്ഞൂറു രൂപയും ജി.എസ്.ടിയും ചുമത്താനുള്ള ശുപാർശയാണ് കൗൺസിലിൽ അവതരിപ്പിച്ചത്. നവരാത്രി ആഘോഷങ്ങൾക്ക് ഫീസ് ചുമത്താനുള്ള നീക്കം വർഗീയ കലാപം ഉണ്ടാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ , കൗൺസിലർമാരായ രാജേഷ് കുമാർ , റ്റി.കെ. സതി, സക്കീർ എച്ച്., അംബികാ രാജേഷ്, അജിത്കുമാരി എന്നിവർ ആരോപിച്ചു. യു.ഡി.എഫ് എതിർത്തതോടെ നിർദ്ദേശം തള്ളിക്കളഞ്ഞു.