പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ ആരംഭിച്ച എന്റെ കേരളം പ്രദർശന മേളയിൽ ജില്ലയിലെ മുതിർന്ന എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് അവഗണന. മേളയിൽ ഡെപ്യൂട്ടി സ്പീക്കർ അദ്ധ്യക്ഷത വഹിക്കുമെന്ന് നോട്ടീസിൽ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത് ഉദ്ഘാടനത്തലേന്ന് രാത്രിയിലാണ്. ചിറ്റയത്തിന്റെ അഭാവത്തിൽ കെ .യു.ജനീഷ് കുമാർ എം.എൽ.എയാണ് അദ്ധ്യക്ഷത വഹിച്ചത്.
നേരത്തേ നിശ്ചയിച്ച പരിപാടി പ്രകാരം ഡെപ്യൂട്ടി സ്പീക്കർ ഇന്നലെ തിരുവനന്തപുരത്തായിരുന്നു.
എന്റെ കേരളം പരിപാടിയുടെ ഭാഗമായി നടന്ന ഘോഷയാത്രയിലേക്കും അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല.
മേളയിൽ അദ്ധ്യക്ഷത വഹിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് ചൊവാഴ്ച രാത്രിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ക്യാബിനറ്റ് റാങ്കുള്ള ഡെപ്യൂട്ടി സ്പീക്കറെ മേളയിൽ അവഗണിച്ചതിൽ സി.പി.ഐയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ജില്ലയിൽ നിലനിൽക്കുന്ന സി.പി.എം-സി.പി.ഐ അകൽച്ചയാണ് ചിറ്റയത്തെ അവഗണിച്ചതിന് പിന്നിലെന്ന് സംസാരമുണ്ട്.
സി.പി.ഐ കൈകാര്യം ചെയ്യുന്ന മൃഗ സംരക്ഷണ വകുപ്പിന്റെ സ്റ്റാൾ ഉദ്ഘാടനത്തിന് ചിറ്റയം ഗോപകുമാർ ഇന്ന് മേളയിൽ എത്തും .