
കുന്നന്താനം : പാലക്കൽതകിടി ജംഗ്ഷനിലെ നൂറ്റിപത്ത് വർഷം പഴക്കമുള്ള മഴ മരത്തിന് (കരിംതകര) സംരക്ഷണമൊരുക്കുകയാണ് ബാലസംഘം പ്രവർത്തകരായ കൊച്ചുകൂട്ടുകാർ. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ദ്വാരങ്ങൾ ഉണ്ടാക്കിയും മെർക്കറി ഒഴിച്ചും സാമൂഹ്യവിരുദ്ധർ നശിപ്പിക്കുവാൻ ശ്രമിച്ച കരിംതകരയുടെ സംരക്ഷണത്തിന്റെ സന്ദേശമാണ് കുട്ടികൾ നൽകിയത്. ഓക്‌സിജൻ പാർലറുകൾ ഇല്ലാതിരിക്കുവാൻ ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യമറിയിക്കുന്ന സംഗീത ശിൽപ്പം വേനൽത്തുമ്പി കലാജാഥയിൽ അവതരിപ്പിച്ചു. സാമൂഹ്യവിരുദ്ധർ നശിപ്പിക്കുവാൻ ശ്രമിച്ച മരത്തിന്റെ ചുവട്ടിൽ നിന്ന് അവതരിപ്പിച്ച പരിപാടി നാട്ടുകാരുടെ ശ്രദ്ധനേടി. തുടർന്നാണ് കലാകാരന്മാരും കാണികളായ കുട്ടികളും ചേർന്ന് വൃക്ഷശൃംഖല തീർത്തത്. സി.പി.എം ഏരിയാ സെക്രട്ടറി ബിനു വറുഗീസ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയാ സെക്രട്ടറി ആൽഫ്രിൻ ടോം, പ്രസിഡന്റ് ഷാനു പി.ബി, ഏരിയാ കോർഡിനേറ്റർ ഷാൻ രമേഷ് ഗോപൻ, ഏരിയാ കൺവീനർ രതീഷ് പീറ്റർ , എരിയാ കമ്മിറ്റി അംഗങ്ങളായ യമുന, അമ്പിളി, ഡിനു , സഞ്ജന, വേനൽത്തുമ്പി, കുടുംബശ്രീ, മഹിളാ നേതാക്കളായ രഞ്ജിനി അജിത്, രാജി സനുകുമാർ ,രജനി ഷിബുരാജ് എന്നിവർ നേതൃത്വം നൽകി.