നാരങ്ങാനം: ചെറുകോൽപ്പുഴ വഴി റാന്നിക്കുള്ള റോഡ് വികസിപ്പിക്കുന്നതിനെച്ചൊല്ലി അയിരൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം. വീതിയെചൊല്ലിയാണ് പ്രശ്നം. പതിമൂന്നര മീറ്ററിന് പകരം പത്ത് മീറ്റർ വീതിയിൽ റോഡ് നവീകരിച്ചാൽ മതിയെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി അംഗങ്ങൾ അവതരിപ്പിച്ച പ്രമേയത്തോട് ഇടതുമുന്നണിയും യു.ഡി. എഫും യോജിച്ചില്ല.
പതിമൂന്നാം വാർഡ് അംഗം പ്രദീപ് അയിരൂരാണ് ബി.ജെ.പിക്ക് വേണ്ടി പ്രമേയം അതരിപ്പിച്ചത്. എം.പി സോമശേഖരൻ പിള്ള പിന്തുണച്ചു. പതിനാറ് അംഗ കമ്മിറ്റിയിൽ ബി.ജെ.പിയുടെ അഞ്ച് അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. ഇടതു മുന്നണിയുടെ ആറ് അംഗങ്ങൾ , ആശങ്കകൾ അകറ്റി പതിമൂന്നര മീറ്ററിൽ വികസനം വരുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി. റോഡിനായി ഭൂമി വിട്ടുനൽകേണ്ടി വരുന്നവർക്ക് ഒട്ടേറെ വിഷമങ്ങളും ആശങ്കകളും ഉണ്ടെന്നും എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും സർക്കാരും ചേർന്ന് അത് പരിഹരിച്ച ശേഷം നിർമ്മാണം തുടങ്ങുകയാണ് വേണ്ടതെന്നും യു ഡി എഫിലെ നാല് അംഗങ്ങളുംനിലപാടെടുത്തു. പ്രമേയം വോട്ടിനിട്ടപ്പോൾ ഇടതു മുന്നണിയും യു.ഡി.എഫും വിട്ടുനിന്നു.
മൂന്നിലൊന്നിൽ താഴെ മാത്രം അംഗങ്ങൾ പിന്തുണച്ചതിനാൽ പ്രമേയം പാസായില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് അറിയിച്ചു.
ശബരിമല പാതയിലെ പ്രധാനപ്പെട്ട ചെറുകോൽപ്പുഴ റാന്നി പാത സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 54 കോടി ചെലവിൽ നവീകരിക്കാൻ പണം അനുവദിച്ചിരുന്നു. റോഡ് നവീകരണത്തിന് 32 കോടിയും നഷ്ടപരിഹാരത്തിന് 22 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.ഇതുവഴിയുള്ള വാഹന ഗതാഗതത്തിന്റെ സർവേ പ്രകാരമാണ് വീതി പതിമൂന്നര മീറ്റർ എന്ന് നിജപ്പെടുത്തിയത്. എന്നാൽ ശബരിമല തീർത്ഥാടന കാലത്ത് ചുരുങ്ങിയ നാളുകളിൽ മാത്രമേ ഈ വഴിയിൽ വാഹന ബാഹുല്യമുള്ളെന്നും പതിമൂന്നര മീറ്റർ വീതിക്കായി സ്ഥലമെടുക്കുന്നത് ഭൂവുടമകൾക്ക് വലിയ നഷ്ടം ഉണ്ടാക്കുമെന്നും പരാതിയുള്ളവരുണ്ട്.