പത്തനംതിട്ട: വാണിജ്യ ആവശ്യത്തിനുള്ള ലൈസൻസ് പുതുക്കി നൽകണമെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും അടൂർ നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. അടൂർ ജനറൽ ആശുപത്രിക്ക് സമീപം കേരളഭവൻ ജോൺസന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കച്ചവടം നടത്തുന്നതിനുള്ള ലൈസൻസാണ് നഗരസഭ പുതുക്കാത്തത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടി നഗരസഭ നൽകിയ ഹർജി സ്റ്റേ ചെയ്തുകൊണ്ടാണ് ലൈസൻസ് പുതുക്കാൻ ഇക്കഴിഞ്ഞ നാലിന് ഹൈക്കോടതി ഉത്തരവിട്ടത്.

നഗരസഭ ലൈസൻസ് പുതുക്കി നൽകാത്തതുകാരണം ബിസിനസ് നടത്തിക്കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് വ്യാപാരിയായ മേലൂട് ഉതിവിളത്തറ പുത്തൻവീട്ടിൽ വരദരാജൻ പറയുന്നു. ലൈൻസൻസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭാ ഉദ്യോഗസ്ഥരെ പലതവണ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വർഷങ്ങളായി കെട്ടിടത്തിൽ ബിസിനസ് നടത്തിവരികയാണ് വരദരാജൻ.

അഭിഭാഷകരായ അജിത് മുരളി, എം.കെ മോഹനൻ എന്നിവർ മുഖേനയാണ് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.