അടൂർ : കേരളത്തിനു വേണ്ടി നെറ്റ് ബാൾ ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ടീം അംഗമായ പി. പാർത്ഥനെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഏഴംകുളത്തെ വീട്ടിലെത്തി അനുമോദിച്ചു. പഞ്ചായത്ത് അംഗം ബാബു ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് അംഗം സുരേഷ്, അൻസീർ തുടങ്ങിയവർ ആശംസകൾ നേർന്നു. കേരളത്തിനു വേണ്ടി നാലു തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള പാർത്ഥൻ ഒരുതവണ കേരളാടീമിന്റെ ക്യാപ്ടനുമായിരുന്നു. ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് പാർത്ഥൻ. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഹോസ്റ്റലിൽ നിന്നാണ് പഠനം. ഓട്ടോറിക്ഷാ ഡ്രൈവറായ സി.പ്രകാശിന്റേയും ശൈലജയുടെയും മകനാണ്.