ചെങ്ങന്നൂർ: മുളക്കുഴയിൽ ഇന്നലെയുണ്ടായ കാട്ടുപന്നിയാക്രമണത്തിൽ വീട്ടമ്മയ്ക്കും ക്ഷീരകർഷകനും ഗുരുതരമായി പരിക്കേറ്റു. മണ്ണാറക്കാട് തേരകത്തിനാൽ ബാലന്റെ ഭാര്യ ലതയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ക്ഷീരകർഷകനായ മണ്ണാറകോട് മോഹൻലാലിനെ ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലതക്ക് വയറിനും തുടയ്ക്കും ഗുരതരമായ പരിക്കേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.മോഹൻലാലിന്റെ കൈക്കാണ് പരിക്കേറ്റത്. കുളനടയിലെ വീട്ടിൽ നിന്ന് ലത സ്കൂട്ടറിൽ മണ്ണാറക്കാട്ടേക്ക് വരുമ്പോൾ തേരകത്തിനാൽ ഭാഗത്ത് വച്ചാണ് പന്നി ആക്രമിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ലതയെ രക്ഷിച്ചത്. പശുവിനെ കെട്ടാൻ വരുന്നവഴി മണ്ണാറകോട് ഗുരുമന്ദിരത്തിനു സമീപം വച്ചായിരുന്നു മോഹൻലാലിനെ പന്നി ആക്രമിച്ചത്.
ജില്ലയുടെ കിഴക്കൽ അതിർത്തി ഗ്രാമമായ മുളക്കുഴയിൽ കഴിഞ്ഞ ഒരു വർഷമായി കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ആറാം വാർഡിൽ ബൈക്കിൽ സഞ്ചരിച്ച അച്ഛനും മകനും പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുളക്കുഴ. വെണ്മണി ഗ്രാമപഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയാക്രമണം രൂക്ഷമായതോടെ ആളുകൾക്ക് വീടിന് പുറത്തേക്കിറങ്ങുന്നതുപോലും ഭയത്തോടെയാണ്. നഗരസഭ 10-ാം വാർഡ് പുത്തൻകാവിലും കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ട്. ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിൽ ഐക്കാട് പാലത്തിനു സമീപം കുറ്റിയിൽ പള്ളിയുടെ ഭാഗങ്ങളിലെ പന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു.
മുളക്കുഴ പഞ്ചായത്ത് കൊടയ്ക്കാമരത്തിലും കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. മുളക്കുഴ പള്ളിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കല്ലുമഠത്തിൽ സുരേഷ് (42) എന്നയാൾക്ക് പരിക്കേറ്റു. പരിഹാരം കാണണമെന്ന് പ്രതിപക്ഷ പാർലമെന്ററി ലീഡർ പ്രമോദ് കാരക്കാട് ആവശ്യപ്പെട്ടു.

പന്നിശല്യത്തെക്കുറിച്ച് മന്ത്രിയുടെയും വനംവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മാകരൻ പറഞ്ഞു.