കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പി യുടെ പണികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ കോന്നി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായി പാരാതി. സെൻട്രൽ ജംഗ്ഷൻ, ചൈനമുക്ക് എന്നിവടങ്ങളിലും റിപ്പബ്ലിക്കൻ ഹൈസ്കൂളിന് സമീപവും കലുങ്കുകളുടെ പണികളിലെ മെല്ലെപ്പോക്ക് ഗതാഗതക്കുരുക്ക് ഇരട്ടിയായിട്ടുണ്ട്. മാരൂർ പാലം ജംഗ്ഷനിൽ പാലത്തിന്റെ പണികൾ നടക്കുന്നതിനാൽ ഇവിടെയും ഗതാഗതക്കുരുക്ക് വർദ്ധിച്ചിട്ടുണ്ട്. കലുങ്കുകളുടെ പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. സെൻട്രൽ ജംഗ്ഷനിലെ റോഡിന്റെ ഒരുഭാഗം കുഴിച്ചിട്ടിരിക്കുകയാണ്. ചന്ദനപ്പള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് പൊലീസ് വച്ചിരിക്കുന്ന ബാരിക്കേഡുകളും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാരെയും ഒരെപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സെൻട്രൽ ജംഗ്ഷനിലെ ബാരിക്കേഡുകൾ ലോക്ക് ഡൗൺ സമയത്ത് വച്ചതാണ്.അത് ഇതുവരെയും മാറ്റിയിട്ടില്ല. പൊലീസ് ബാരിക്കേഡുകളുടെ മുകളിൽ രാഷ്ട്രീയ പാർട്ടികളുടെ ഫ്ലെക്സുകളും സ്ഥാപിച്ചിട്ടുണ്ട്. കോന്നി ടൗണിലെത്താതെ സ്വകാര്യ വാഹങ്ങൾ വഴിതിതിരിച്ചു വിടാനുള്ള ക്രമീകരണങ്ങളും ഇതുവരെ ഏർപ്പാടാക്കിയിട്ടില്ല. റോഡ് വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന കരാർ കമ്പനിക്ക് കോന്നി പുനലൂർ റീച്ചിലെ പണികൾ പൂർത്തിയാക്കാൻ ഇനിയും സമയമുണ്ട്. ഇതേ കാരണത്താൽ കോന്നി ടൗണിലുൾപ്പെടെ പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്, റോഡ് നിർമ്മാണത്തിലെ കാലതാമസം വ്യാപാരികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ കോന്നി മുതൽ പുനലൂർ വരെ യാത്രാ ക്ലേശം രൂക്ഷമാണ്. മഴ കനത്തതോടെ റോഡിലെ കുഴികളിലെ വെള്ളക്കെട്ടും വാഹന യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നു. കോന്നി പുനലൂർ റീച്ചിലെ പണികൾ വേഗത്തിൽ പൂർത്തിയാക്കാവുന്ന ഭാഗങ്ങളിലും ഇഴഞ്ഞാണ് നീങ്ങുന്നത്.