light
കോതേകാട്ട് പാലത്തിലൂടെ ചൂട്ടുകറ്റയുമായി പോകുന്ന യാത്രക്കാർ

തിരുവല്ല: നഗരസഭയും പെരിങ്ങര പഞ്ചായത്തും അതിർത്തി പങ്കിടുന്ന കാരയ്ക്കലിൽ വഴിവിളക്കുകൾ തകരാറിലായിട്ട് ഏറെക്കാലമായി. പെരിങ്ങര പഞ്ചായത്തിലെ കാരയ്‌ക്കൽ, സ്വാമിപാലം എന്നിവിടങ്ങളിലെല്ലാം രാത്രികാലത്ത് യാത്രചെയ്യാൻ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. കൂരിരുട്ട് അകറ്റാൻ നാട്ടുകാർക്ക് ചൂട്ടുകറ്റ വേണം. കോതേകാട്ടു പാലത്തിനു സമീപമുള്ള പോസ്റ്റുകളിലെ വിളക്കുകളെല്ലാം തകരാറിലാണ്. പടിക്കെട്ടുകളുള്ള കോതേകാട്ടു പാലത്തിലൂടെ അക്കരെയിക്കരെ കടക്കാൻ വെളിച്ചമില്ല. ഒരുവർഷത്തോളമായി പ്രദേശത്ത് വഴിവിളക്കുകൾ തകരാറിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉത്സവവും പള്ളിപ്പെരുന്നാളുമൊക്കെ നടക്കുന്നതിനാൽ ധാരാളം ആളുകൾ രാത്രികാലങ്ങളിൽ ഇതുവഴി പോകുന്നുണ്ട്. മഴയ്ക്കൊപ്പം വെളിച്ചമില്ലാത്തതും യാത്രക്കാരെവലയ്ക്കുകയാണ്. ഇഴജന്തുക്കളുടെയും ശല്യവും ഏറെയാണ്. സമീപ പ്രദേശങ്ങളിൽ മോഷണങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്.

നിലാവ് പദ്ധതിയും നിലച്ചു

പെരിങ്ങര പഞ്ചായത്തിൽ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി എൽ.ഇ.ഡി ലൈറ്റുകൾ മുമ്പ് സ്ഥാപിച്ചിരുന്നു. ഈ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ആളെ കിട്ടുന്നില്ലെന്നും കരാർ പുതുക്കിയില്ലെന്നും ജനപ്രതിനിധികൾ പറയുന്നു.

.........................

നാട്ടുകാരുടെ ദുരിതം തുടരുകയാണ്. വഴിവിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധ പരിപാടികൾ നടത്താനൊരുങ്ങുകയാണ് .

സതീശൻ

(പ്രദേശവാസി)