പത്തനംതിട്ട: നഗരത്തിലെ 15 മുതൽ 21 വരെയുള്ള വാർഡുകളിൽ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടപ്പാറ കുടിവെള്ള പദ്ധതി 18ന് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു. പത്തൊമ്പതാം വാർഡിലെ ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നാണ് വാർഡുകളിലേക്ക് വെള്ളം നൽകുന്നത്. കുമ്പഴ മേഖലയിലെ ഏഴ് വാർഡുകളിലായി ആയിരം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നഗരസഭയുടെ ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്. ഇതോടെ മറ്റ് വാർഡുകളിൽ കൂടുതൽ
ജല ലഭ്യത ഉണ്ടാകുമെന്ന പ്രത്യേകത കൂടിയുണ്ട്. പ്രാദേശികമായ ചെറുകിട കുടിവെള്ള പദ്ധതികളും
വ്യാപിപ്പിക്കുകയാണ്.

13, 14, 21 വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പതിനാലാം വാർഡിൽ മണ്ണുങ്കൽ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. 56 ലക്ഷം രൂപ ചെലവിലുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു . പൂർണമായും നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പതിനേഴാം വാർഡിൽ 20 ലക്ഷം രൂപ ചെലവിൽ പേങ്ങാട്ട് മുരുപ്പ് പദ്ധതിയുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. തോണിക്കുഴിയിലെ ജല വിതരണ പദ്ധതി തുടങ്ങി.

-------------------

പദ്ധതികൾ പലത്

കോട്ടപ്പാറ- 1.50 കോടി

മണ്ണുങ്കൽ - 56 ലക്ഷം

പേങ്ങാട്ട് മുരുപ്പ് - 20 ലക്ഷം

-------------------------

'' കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിയിലൂടെ നഗരത്തിലെ ആയിരം വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കുടിവെള്ളത്തിനായി സ്വന്തം പദ്ധതികൾക്ക് രൂപം നൽകി പരമാവധി ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ.

ടി. സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ