
പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജലപ്രതിസന്ധി പരിഹരിക്കാൻ 75 കുളങ്ങൾ നിർമ്മിക്കുന്നു. ദേശീയ പഞ്ചായത്ത് ദിനത്തിൽ പ്രധാനമന്ത്രിയാണ് അമൃത് സരോവർ എന്ന പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് 75 കുളങ്ങളുടെ നിർമ്മാണമോ പുനരുദ്ധാരണമോ നടത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 10000 ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ളവയായിരിക്കും ഈ കുളങ്ങൾ. ഒരു കുളം നിർമ്മാണത്തിനായി ഒരേക്കർ സ്ഥലമാണ് ആവശ്യമായി വരുന്നത്. ഓഗസ്റ്റ് 15ന് മുമ്പ് പദ്ധതി പൂർത്തിയാക്കണം.
വിവിധ വകുപ്പുകളുടെ പദ്ധതി
തദ്ദേശ സ്വയംഭരണം, ഫിഷറീസ്, മണ്ണ് സംരക്ഷണം, വനം, കാർഷികം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി. ഇതിന്റെ മേൽനോട്ടത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും കളക്ടർ അദ്ധ്യക്ഷയായും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ കൺവീനറായും ഒരു കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
ഭാസ്‌കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് ആപ്ളിക്കേഷൻ ആൻഡ് ജിയോമാറ്റിക്‌സ് നാഷണൽ പദ്ധതി സ്ഥലങ്ങൾ കണ്ടെത്തുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമായി ഒരു വെബ് പോർട്ടൽ രൂപീകരിച്ചിട്ടുണ്ട്. കണ്ടെത്തിയ സ്ഥലങ്ങൾ അനുയോജ്യമാണോ എന്നു പരിശോധിക്കുന്നതിന് സോഫ്റ്റ്‌വെയർ ടൂളുകളും നല്കിയിട്ടുണ്ട്. അമൃത് സരോവർ നിർമ്മാണ സ്ഥലങ്ങളിൽ എല്ലാ വർഷവും സ്വാതന്ത്യദിനത്തിന് കൊടിയുയർത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇത് ഒരു വിനോദ സഞ്ചാര സ്ഥലമായി മാറ്റുന്നതിന് വേണ്ട ക്രമീകരണങ്ങളും നടപ്പാക്കാനാണ് ശ്രമിക്കുന്നത്.
ജില്ലയിൽ തിരുവല്ല മുനിസിപ്പാലിറ്റിയിൽ മാത്രമാണ് കുളത്തിന്
സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
ഒരു കുളത്തിന് ഏകദേശം 9 ലക്ഷം രൂപ ചെലവിടേണ്ടിവരും.
ജലസംരക്ഷണം, ജലസേചനം, കുടിവെള്ളം, മീൻവളർത്തൽ
എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം