പത്തനംതിട്ട: നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിട്ടുള്ള മണൽവാരി കുറഞ്ഞവിലയ്ക്ക് വിതരണം ചെയ്യുക, ക്രഷർ ഉത്പന്നങ്ങൾക്ക് ഉടമകൾ അടിക്കടി നടത്തിവരുന്ന വിലവർദ്ധന തടയുക , വിലനിയന്ത്രണത്തിന് സ്ഥിരം സംവിധാനമൊരുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 18ന് രാവിലെ 10ന് കളക്ടറേറ്റ് മാർച്ച് നടത്തും. നിർമ്മാണ ഉൽപന്നങ്ങളായ എംസാൻഡ്, പി.സാന്റ്, മെറ്റൽ , പാറപ്പൊടി എന്നിവയ്ക്ക് തോന്നുംപടി വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. സിമന്റ്, കമ്പി,പെയിന്റ്, വയറിംഗ്, പ്ലമ്പിംഗ് സാധനങ്ങൾ എന്നിവയ്ക്കും വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വില വർദ്ധന നിയന്ത്രിക്കാൻ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി
അടിയന്തരമായി രൂപീകരിക്കണം. വില നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെങ്കിൽ നിർമ്മാണ തൊഴിലാളികൾ സമരപരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എസ്.ഹരിദാസ്, വൈസ് പ്രസിഡന്റ് എം.ജെ.രവി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .