പത്തനംതിട്ട: സ്‌കൂൾ പാചകത്തൊഴിലാളികളുടെ ശമ്പളം കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 18 ന് പാചക ത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തിരുവല്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തും.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷത വഹിക്കും.
ജില്ലയിലെ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. 1200 ഓളം തൊഴിലാളികളുണ്ട്.
പാചകത്തൊഴിലാളികളെ സ്‌കൂൾ ജീവനക്കാരായി അംഗീകരിക്കണം. എല്ലാ മാസവും 5ന് മുമ്പായി ശമ്പളം വിതരണം ചെയ്യണം. അഞ്ഞൂറിൽ താഴെ കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന നിബന്ധന ഒഴിവാക്കി 150 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നകണക്കിൽ തൊഴിലാളികളെ നിയമിക്കണം.
2016ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച കൂലി വർദ്ധന കുടിശിക ഉടൻ അനുവദിക്കുക,
തൊഴിലാളികൾക്ക് ഇ.എസ്‌.ഐയും, പ്രോവിഡന്റ് ഫണ്ടും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ജില്ലാ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ്, വർക്കിംഗ് പ്രസിഡന്റ് ജിജി ജോർജ്, ജനറൽ സെക്രട്ടറി മാരായ ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു.