കോന്നി: കോന്നി - ചന്ദനപ്പള്ളി റോഡിലെ കോന്നി സെൻട്രൽ ജംഗ്ഷൻ മുതൽ ആനക്കൂട് വരെയുള്ള ഭാഗങ്ങളിൽ ഓടയ്ക്ക് മൂടി സ്ഥാപിക്കാത്തത് അപകട ഭീഷിണിയുയർത്തുന്നതായി പരാതി. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ റോഡിലെ ടാറിംഗിന്റെ വശങ്ങളിൽ ഐറിഷ് ഓടകൾ സ്ഥാപിക്കാത്തതും കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയുമുണ്ട്. പുനലൂർ- മൂവാറ്റുപുഴ റോഡിനു സമാന്തരമായി കോന്നിയിൽ നിന്നും പത്തനംതിട്ടയിലേക്കും തിരികെയും വരാനായി ജനങ്ങൾ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. കോന്നിയിൽ നിന്നും ചന്ദനപ്പള്ളി വഴി അടൂരിലേക്ക് പോകാനും ഈ റോഡാണ് ഉപയോഗിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ്, എ.ഇ.ഒ ഓഫീസ്, ഇക്കോ ടൂറിസം സെന്റർ, വാട്ടർ അതോറിറ്റി ഓഫീസ്, സബ് രജിസ്റ്റർ ഓഫീസ്,സബ് ട്രഷറി, സബ് ആർ.ടി.ഒ ഓഫീസ്,കെ.എസ.ഇ.ബി സെക്ഷൻ ഓഫീസ് എന്നി സർക്കാർ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ ഈ റോഡിലൂയോടെയാണ് പോകുന്നത്. റോഡിൽ ഓടകൾക്ക് മൂടിയും ടാറിംഗിന്റെ വശങ്ങളിൽ ഐറിഷ് ഓടയും സ്ഥാപിക്കാത്തതുമൂലം അപകടങ്ങളും പതിവാകുന്നുണ്ട്.