1
നിർമ്മാണം വൈകുന്ന കുന്നന്താനം ആയുർവ്വേദ ഡിസ്പെൻസറി

മല്ലപ്പള്ളി : കുന്നന്താനം പഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിയുടെ നിർമ്മാണ പ്രവർത്തികൾ ഇഴയുന്നു. 2020 ഓഗസ്റ്റ് 25ന് ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ട് രണ്ടുവർഷം പിന്നിട്ടെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രണ്ടുനിലകളിലായുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തികൾ ഭാഗീകമായി പൂർത്തിയായിട്ടുണ്ട്. ഭിത്തികളുടെ നിർമ്മാണവും, കതകുകളുടെയും , ജനലുകളുടെയും നിർമ്മാണവും പൂർത്തിയായിട്ടില്ല. കൊവിഡിനെ തുടർന്ന് ഒരു വർഷം നിർമ്മാണപ്രവർത്തികൾ നിറുത്തിവെച്ചെങ്കിലും പിന്നീട് പ്രവർത്തികൾ ആരംഭിച്ചു. പഴയ കെട്ടിടത്തിലെ സ്ഥല പരിമിതി പരിഗണിച്ച് കെട്ടിടത്തിന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് അനുമതി ലഭിച്ചത്. അറുപത് കഴിഞ്ഞവർക്കും വയോജനങ്ങൾക്കും ബുദ്ധിമുട്ടു കൂടാതെയും, മഴക്കാല രോഗങ്ങൾക്ക് പ്രതിരോധ ചികിത്സകൾക്കുമാണ് ആശുപത്രി നിർമ്മിച്ചത്. പരിശോധനയ്ക്കും,ചികിത്സയ്ക്കുമായി പ്രത്യേകം മുറികളും, ഫാർമസി,സ്റ്റോർ ,രോഗികൾക്കുള്ള വിശ്രമമുറി എന്നിവ ഉൾപ്പെടെയാണ് ആശുപത്രിയുടെ നിർമ്മാണ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കിടത്തി ചികിത്സ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നതിനായിട്ടാണ് പദ്ധതി വിഭാവനം ചെയ്തതെങ്കിലും നിർമ്മാണത്തിലെ കാലതാമസത്തിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

........................

നിർമ്മാണത്തിലെ കാലതാമസം വയോജനങ്ങൾക്ക് ചികിത്സ സുഗമമായി ലഭിയ്ക്കുന്നതിന് തടസമായി പഞ്ചായത്ത് ഭരണ സമിതി മുൻകൈ എടുത്ത് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിയ്ക്കണം

വിനോദ്

പ്രദേശവാസി

.......................+

എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം അനുവദിച്ചു