പത്തനംതിട്ട : കൗതുകമുണർത്തുന്ന ഉൽപന്നങ്ങളുമായി സഹകരണവകുപ്പിന്റെ സ്റ്റാൾ ശ്രദ്ധാകേന്ദ്രമാകുകയാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് ചൂരൽ ഫർണിച്ചർ ഷോറൂം. സഹകരണ വകുപ്പിന് കീഴിലുള്ള ചൊള്ളനാവയൽ എസ്.ടി കോപ്പറേറ്റീവ് സൊസൈറ്റി ചൂരൽ കൊണ്ടുള്ള വൈവിദ്ധ്യങ്ങളായ ഉൽപന്നങ്ങളുമായാണ് പ്രദർശന വിപണനമേളയിലെത്തിയത്. ഫർണിച്ചറുകളും അനുബന്ധ ഉൽപ്പന്നങ്ങളുമാണ് വിൽപ്പനയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്. നാടൻ, ആസാം ചൂരലുകൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏറെ ആകർഷകമാണ്. 300രൂപ മുതലുള്ള ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാണ്. ബാസ്‌കറ്റ്, പറ, ചൂരവടി, സെറ്റി, കസേര, കുട്ടികളുടെ കസേര എന്നിവയോടൊപ്പം ചെറുകിട വനവിഭവങ്ങളായ ചെറുതേൻ, വലിയതേൻ, കുടംപുളി എന്നിവയും വിൽപ്പനയ്ക്കുണ്ട്. അടിച്ചിപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചൂരൽ വർക്‌ഷോപ്പിൽ നിന്നാണ് ചൂരൽ ഉത്പന്നങ്ങൾ മേളയിലെത്തിച്ചിരിക്കുന്നത്. ചൂരൽ ഉൽപന്നങ്ങളുടെ ഷോറൂം റാന്നിയിൽ പ്രവർത്തിക്കുന്നുണ്ട്.