തിരുവല്ല : മനയ്ക്കച്ചിറയിലെ ശ്രീനാരായണ കൺവെൻഷൻ നഗറിലെ മണ്ണ് നീക്കംചെയ്യാനുള്ള ഇറിഗേഷൻ വകുപ്പിന്റെ നീക്കം അവസാനിപ്പിച്ച് നഗർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിൽ ജലസേചന മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. മനയ്ക്കച്ചിറയിലെ മണിമലയാറിന്റെ മണൽപ്പുറത്ത് 2009 മുതൽ യൂണിയന്റെ നേതൃത്വത്തിൽ വർഷംതോറും ശ്രീനാരായണ കൺവെൻഷൻ പ്രൗഢഗംഭീരമായി നടന്നുവരികയാണ്. ജില്ലയിലെ നദികളിലെ മണൽപ്പുറ്റ് നീക്കുന്നതുമായി ബന്ധപ്പെട്ട് മനയ്ക്കച്ചിറയിലെയും മണ്ണെടുക്കാൻ ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ മറ്റ് ആത്മീയ കൺവെൻഷനുകൾ നടക്കുന്ന മണൽപ്പുറങ്ങൾക്ക് ഇല്ലാത്ത ഭീഷണിയാണ് മനയ്ക്കച്ചിറയിലെ ശ്രീനാരായണ കൺവെൻഷന് സർക്കാർ നീക്കം മൂലം ഉണ്ടായിരിക്കുന്നത്. കൺവെൻഷൻ നഗർ ഇല്ലാതാക്കുവാനുള്ള ആസൂത്രിതശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വർഷംതോറും ആയിരക്കണക്കിന് ആളുകൾ ബലിതർപ്പണം നടത്തുന്നതും ശ്രീനാരായണ കൺവെൻഷൻ നഗറിലാണ്. മേജർ ഇറിഗേഷൻ വകുപ്പിന്റെയും മാത്യു ടി.തോമസ് എം.എൽ.എയുടേയും ഫണ്ടുകൾ ചെലവഴിച്ച് കൺവെൻഷൻ നഗറിലേക്കുള്ള വഴിയും മണിമലയാറിന്റെ തീരത്ത് കൽപ്പടവുകളും മുൻകാലങ്ങളിൽ നിർമ്മിച്ചിരുന്നു.. ഈ സാഹചര്യങ്ങൾ നിലനിൽക്കെ ഇവിടെനിന്ന് മണ്ണ് നീക്കംചെയ്യാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. വർഷംതോറും ആത്മീയതയുടെ അറിവും വെളിച്ചവും പകരുന്ന ശ്രീനാരായണ കൺവെൻഷൻ തുടർന്നും നടത്തിക്കൊണ്ടുപോകുവാനുള്ള സൗകര്യം ഒരുക്കി കൺവെൻഷൻ നഗറിനെ സംരക്ഷിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.