waste-
സംരക്ഷിത വനമേഖലയിൽ മാലിന്യം ചാക്കിൽ കെട്ടി തള്ളിയിരിക്കുന്നു

റാന്നി: അത്തിക്കയം - റാന്നി റോഡിലെ കരികുളം ഫോറസ്റ്റ് ഓഫീസിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സംരക്ഷിത വനമേഖലയാണ് കരികുളംത്ത് മാലിന്യം തള്ളൽ പതിവാകുന്നു. പഴവങ്ങാടി - നാറാണംമൂഴി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഈ വന മേഖലയിപ്പോൾ മാലിന്യം കൊണ്ട് കുന്നുകൂടുകയാണ്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പുറമെ ദൂര ദേശങ്ങളിൽ നിന്നും ഉൾപ്പെടെ ആളുകൾ മാലിന്യം നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലമായി ഇവിടം മാറിക്കഴിഞ്ഞു. മാലിന്യ പ്രശ്‍നം രൂക്ഷമായതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇരു വശങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും വനത്തിന് ഉൾഭാഗങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ ഇപ്പോഴും കണ്ടെത്താനാകുന്നില്ല. കഴിഞ്ഞ ദിവസം അറവു മാലിന്യം ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാട്ടുപന്നിയും നായ്ക്കളും ഇവ റോഡിലേക്കും മറ്റും വലിച്ചിഴച്ചതുമൂലം ഇതുവഴിയുള്ള യാത്ര ഏറെ ദുരിതമാണ്. ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ഇതുവഴി യാത്ര ചെയ്യാനാവില്ല. മഴയുള്ള സമയങ്ങളിലും രാവിലെയും മറ്റും മഞ്ഞുമൂടിയ ഈ പ്രകൃതി രമണീയമായ സ്ഥലം നിരവധിപേർ സന്ദർശിക്കാറുണ്ട്. കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നടപടികളെടുക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.

.................................

ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും സ്ഥിരമായി യാത്ര ചെയ്യുന്ന പ്രധാന പാതയാണ് ഇത്. അറവു മാലിന്യങ്ങൾ ഉൾപ്പടെ നിക്ഷേപിക്കാതിനാൽ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. അധികാരികൾ ഇത്തരക്കാരെ കണ്ടെത്താൻ കർശന നടപടികൾ സ്വീകരിക്കണം

മനീഷ് അത്തിക്കയം

(സ്ഥിരം യാത്രക്കാരൻ,

പൊതു പ്രവർത്തകൻ )