ശബരിമല: അട്ടത്തോട് - ചാലക്കയം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ശബരിമല നട തുറന്ന ഇന്നലെ വൈകിട്ട് 4.30നാണ് റോഡിലേക്ക് മരം കടപുഴകി വീണത്. വൻശബ്ദത്തോടെ മരം ഒടിഞ്ഞുവീഴുന്നത് കണ്ട് വാഹനങ്ങൾ നിറുത്തിയതിനാൽ അപകടം ഒഴിവായി. മരം റോഡിന് കുറുകെ വീണതോടെ ഗതാഗതം തടസപ്പെട്ടു. മൊബൈൽ ഫോൺ റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാൽ ഭക്തർക്ക് പൊലിസിനെയോ ഫയർ ഫോഴ്സിനേയോ വിവരമറിയിക്കാൻ സാധിച്ചില്ല. തുടർന്ന് തീർത്ഥാടകർ കൂട്ടമായെത്തി മരച്ചില്ലകൾ ഒടിച്ചുമാറ്റിയ ശേഷം മരം റോഡിന്റെ വശത്തേക്ക് നീക്കിവച്ചു. ഇതിനു ശേഷമാണ് ഗതാഗതം പുന:രാരംഭിച്ചത്.