നാരങ്ങാനം : മൂകരും ബധിരരുമായ ദമ്പതികൾക്കും 4 വയസുള്ള മകൾക്കും പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന മകൾ മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ആറന്മുള പടിഞ്ഞാറെ മേലേടത്ത് അരുണിന്റെ ഭാര്യ ശ്യാമ (28)യാണ് ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. . ഇവരുടെ മകൾ ആദിശ്രീ വെള്ളിയാഴ്ചയാണ് മരിച്ചത്.
ശ്യാമയുടെ സംസ്‌കാരം ഇന്ന് തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടുവളപ്പിൽ നടക്കും.ആദിശ്രീയുടെ സംസ്‌കാരം ഇന്നലെ തിരുവനന്തപുരത്ത് നടത്തി.
ഈ മാസം ആറിന് പുലർച്ചെയാണ് ശ്യാമയെയും ആദിശ്രീയെയും ആറന്മുളയിലെ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ ചവുട്ടിത്തുറന്ന് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരുണിനും പൊള്ളലേറ്റിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്യാമയുടെ പിതാവ് മോഹനൻ നായർ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് ഡിവൈ. എസ്. പി. കെ. സജീവിന്റെയും ആറന്മുള എസ്. എച്ച്. ഒ. സി. കെ. മനോജിന്റെയും നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.