പത്തനംതിട്ട: 1903 മേയ് 15ന് രൂപം കൊണ്ട തിരുവിതാംകൂറിലെ ആദ്യ സാമൂഹിക സംഘടനയായ എസ്.എൻ.ഡി.പി യോഗം സമൂഹത്തിലെ അടിച്ചമത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയിട്ടുള്ള സമരങ്ങൾ ചരിത്രത്തിന്റെ ഭാഗമാണെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. യോഗത്തിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിന്റെ ആദ്യകലാ സാരഥികൾ കേരളം കണ്ട ചരിത്രപുരുഷന്മാരായിരുന്നു. 119 വർഷങ്ങൾക്ക് മുൻപുള്ള യോഗത്തിന്റെ രൂപീകരണം മറ്റുസാമൂഹിക സംഘടങ്ങൾക്ക് രൂപീകരണത്തിന് കാരണമായെന്നും ഇന്ന് യോഗം വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ വലിയ സംഘടിതശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, എസ്.സജിനാഥ്, പി.വി.രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, 86-ാം പത്തനംതിട്ട ടൗൺ ശാഖാ പ്രസിഡന്റ് സി.ബി.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.