ശബരിമല: നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് ശബരിമല തീർത്ഥാടകർക്ക് പരിക്കേറ്റു. എറണാകുളം സ്വദേശി ജയരാജ്, കണ്ണൂർ സ്വദേശി അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബി.എസ്.എൻ.എല്ലിന്റെ വാഹനത്തിൽ പമ്പയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 3.35ന് ശരണപാതയിൽ അട്ടത്തോടിനും ചാലക്കയത്തിനും ഇടയിൽ പ്ളാന്തോട്ടിലായിരുന്നു അപകടം. പളനി അടിവാരത്തിൽ നിന്നും കെട്ടുമുറുക്കിയ ഏഴംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. സന്നിധാനത്ത് ദർശനം നടത്തി മടങ്ങുമ്പോഴായിരുന്നു അപകടം. പ്ലാന്തോട്ടിലെ വലിയ വളവിൽ എതിരെ വന്ന കാർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇതുവഴി ബൈക്കിൽ പ്രെട്രോളിംഗ് നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇവരെ ആദ്യം കണ്ടത്. പിന്നീട് അതുവഴിയെത്തിയ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ അപകടത്തിൽപ്പെട്ടവരെ പമ്പയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജയരാജന്റെ കാലിനും അഖിലിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്.