പത്തനംതിട്ട: സംസ്ഥാനത്ത് 50 ജീവനക്കാരിൽ കൂടുതലുള്ള വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആറ് മാസം മുതൽ ആറ് വയസു വരെയുള്ള കുട്ടികൾക്കായ് സൗജന്യ ശിശു പരിപാലന കേന്ദ്രം ആരംഭിക്കണമെന്ന് വ്യക്തമാക്കി ചട്ടം ഭേദഗതി ചെയ്തതിൽ വ്യാപാരി, വ്യവസായി സംഘം പ്രതിഷേധിച്ചു.

രണ്ടു മഹാ പ്രളയങ്ങളിലും കൊവിഡിലും തകർന്നടിഞ്ഞ വ്യാപാര മേഖലയ്ക്ക് ഇത് താങ്ങാനാവില്ല. ആത്മഹത്യയുടെ വക്കിൽ നിന്ന് വ്യാപാരികൾ ഇനിയും കരകയറിയിട്ടില്ല. ചട്ടം ഭേദഗതി ചെയ്ത നടപടി പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമതി അംഗം അഡ്വ.എസ്.വേണു ഗോപാൽ, ജില്ലാ പ്രസിഡന്റ് എസ്.പ്രമോദ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ജി.രാജേഷ് കുമാർ, ട്രഷറർ പി.ബി.സതീഷ് ലാലു തുടങ്ങിയവർ സംസാരിച്ചു.