പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോർജ് ഉന്നയിച്ച വിഷയത്തിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാ റാകണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി.കണ്ണൻ ആവശ്യപ്പെട്ടു. മന്ത്രി ഉന്നയിച്ച വിഷയങ്ങൾ വസ്തുതാപരമെന്ന് ബോദ്ധ്യമുണ്ടെങ്കിൽ ആഭ്യന്തര വകുപ്പിന് കൈമാറണം. ധാർമ്മികത ഏറ്റെടുത്തു തൽസ്ഥാനത്തു നിന്നും മാറിനിൽക്കാൻ ഡെപ്യൂട്ടി സ്പീക്കറും തയാറാകണം. ലൈംഗിക അതിക്രമത്തിൽപ്പെട്ട പല സംഭവങ്ങളും അടൂർ ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉണ്ടായപ്പോഴും പട്ടികജാതി പെൺകുട്ടി പീഢനത്തിന് ഇരയായ സാഹചര്യത്തിലും ജനപ്രതിനിധി കൂടിയായ ചിറ്റയം മൗനത്തിലായിരുന്നു. പ്രതികളെ സഹായിക്കുന്നതിൽ ചിറ്റയം നടത്തിയ ഇടപെടലിനെ സംബന്ധിച്ച ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ജനങ്ങളുടെ ആശങ്ക ശരിവയ്ക്കുന്നതാണ്. ആരോഗ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന ജില്ലയിലെ ആശുപത്രികളുടേയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും സ്ഥിതി പരിതാപകരമാണ്.അപകടത്തിൽപ്പെട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് പോലും പ്രാഥമികചികിത്സാ സൗകര്യം ഒരുക്കാൻ മന്ത്രി പ്രതിനിധാനം ചെയ്യുന്ന ജില്ലാ ആസ്ഥാനത്തെ ആശുപത്രിക്ക് കഴിയാതിരുന്നത് ആതുര സേവന രംഗത്തെ പരാജയത്തിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് എം.ജി കണ്ണൻ ആരോപിച്ചു.