ചെങ്ങന്നൂർ: എം.സി റോഡിൽ വീണ്ടും അപകട പരമ്പര. നിയന്ത്രണം തെറ്റിയ സ്‌കോർപിയോ കാർ സുരക്ഷ ഇടനാഴിയുടെ ബാരിക്കേട് ഇടിച്ചു തകർത്തു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.
എം.സി റോഡിൽ ആറ്റിൻകര ജംഗ്ഷന് സമീപം ശനിയാഴ്ച രാത്രി 11.30നാണ് ആദ്യ അപകടം. പട്ടി കുറുകെ ചാടിയതാണ് അപകട കാരണമെന്ന് യാത്രക്കാർ പറഞ്ഞു. അങ്ങാടിക്കൽ സ്വദേശി അബു വർഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറ്. വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. രണ്ടാമത്തെ അപകടം ഗവവൺമെന്റ് ആശുപത്രി ജംഗ്ഷനു സമീപം പുലിക്കുന്നിൽ രാത്രി 12 നാണ് നടന്നത്. ഫോർച്യൂണർ കാർ നിയന്ത്രണം തെറ്റി സുരക്ഷാ ഇടനാഴിയുടെ ബാരിക്കേടുകൾ തകർത്ത് സമീപമുള്ള പച്ചക്കറിക്കടയിലേക്ക് ഇടിച്ചുകയറി. പാലക്കാട്ടു നിന്നും പുത്തൻകാവിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു കാറിൽ. സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർ കാറിൽ ഉണ്ടായിരുന്നെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപെട്ടു. ചെങ്ങന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.