ഇലന്തൂർ: കോൺഗ്രസ്‌ ഇലന്തൂർ മണ്ഡലം പ്രസിഡന്റ്‌ പി.എം.ജോൺസനെ മുന്നറിയിപ്പില്ലാതെ സ്ഥാനത്തു നിന്ന് നീക്കിയതിൽ പ്രതിഷേധിച്ച് യോഗത്തിൽ ബഹളവും ഇറങ്ങിപ്പോക്കും. ഫണ്ട്‌ പിരിവു വിജയിപ്പിച്ചില്ലെന്ന കാരണത്താൽ സ്ഥാനത്തു നിന്ന് നീക്കിയതായി പത്ര വാർത്തയിലൂടെയാണ് ജോൺസൺ അറിഞ്ഞത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോൺസൻ ചികിത്സയിലായിരിക്കുമ്പോഴായിരുന്നു ഫണ്ട്‌ പിരിവ്. ഇതു പരിഗണിക്കാതെ ജോൺസനെ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പുതിയ മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇന്നലെ ചേർന്ന യോഗമാണ് ബഹളത്തിൽ കലാശിച്ചത്. ജോൺസൻ കൊടുത്ത പരാതിയിൽ കെ.പി.സി.സിയുടെ തീരുമാനം വരുംവരെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അദ്ധ്യക്ഷനായിരുന്ന ഡി.സി.സി വൈസ് പ്രസിഡന്റ്‌ എ. സുരേഷ് കുമാർ വഴങ്ങിയില്ല. ഇതേ തുടർന്ന് ബഹുഭൂരിപക്ഷം അംഗങ്ങളും യോഗത്തിൽ നിന്ന് ഉറങ്ങിപ്പോയി. അവശേഷിച്ച ആളുകൾ ചേർന്നു കെ.പി. മുകുന്ദനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ചുമതല കെ.പി.മുകുന്ദന് നൽകിയതായി ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.