പന്തളം: പൊട്ടിപ്പൊളിഞ്ഞ ബസ് സ്റ്റാൻഡും വഴിമുടക്കിയായി വീപ്പയും പന്തളം നഗരസഭാ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ വലച്ച് മാലിന്യവും കുഴിയും.ദുരവസ്ഥക്ക് പരിഹാരം കാണാൻ അധികാരികളെ അറിയിച്ചിട്ടും തയാറാകുന്നില്ലെന്ന് പരാതി വ്യാപകമാണ്. ബസ് സ്റ്റാൻഡിൽ മിക്കയിടങ്ങളും പൊട്ടിപ്പൊളിഞ്ഞു കുഴി രൂപപ്പെട്ടനിലയിലാണ്. കുഴിയിൽ വീണ് ബസുകൾക്കു കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. പല ബസുകളും സ്റ്റാൻഡിൽ കയറാതെ വെളിയിൽ നിറുത്തിയാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും. കൂടാതെ സ്റ്റാൻഡിലെ ചില്ലറക്കച്ചവടക്കാർ കടകളിൽ ശേഖരിക്കുന്ന മലിന ജലം ഒഴുക്കി കളയുന്നതും യാത്രക്കാരെയും സ്റ്റാൻഡിലെത്തുന്നവരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പാത്രം കഴുകുന്നതുൾപ്പെടെയുള്ള മലിനജലം ചെറിയ വീപ്പകളിലും വലിയ ബക്കറ്റുകളിലും ശേഖരിക്കും. ഇവ നിറയുമ്പോൾ നേരെ സ്റ്റാൻഡിലേക്കു കൊണ്ടുപോയി ഒഴുക്കിവിടുന്നതാണ് പതിവ്. ദുർഗന്ധം കാരണം മൂക്ക് പൊത്തി നടക്കേണ്ട സ്ഥിതിയാണ്. ഈ മലിനജലം ബസ് സ്റ്റാൻഡിലെ കുഴികളിലേക്കാണ് ഒഴുകിയെത്തുന്നത്. ബസുകളുടെ ചക്രങ്ങൾകുഴിയിൽ ഇറങ്ങുമ്പോൾ സ്റ്റാൻഡിലെത്തുന്നവരുടെ ദേഹത്തേക്ക് മലിനജലംതെറിച്ചു വീഴുന്നത് പതിവാണ്. പന്തളത്തു നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തെ തുടർന്ന് ടെമ്പോ ട്രാവലർ, പെട്ടിഓട്ടോ, സ്വകാര്യ വാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യുന്നതിനായി ബസ് സ്റ്റാൻഡിന്റെ കുറെ ഭാഗം നഗരസഭ ഏറ്റെടുത്തിരുന്നു. ഇതോടെ സ്റ്റാൻഡിൽ സ്ഥലസൗകര്യവും കുറഞ്ഞിട്ടുണ്ട്.
വാടക ഇനത്തിൽ നഗരസഭയ്ക്ക് കിട്ടുന്നത് നല്ല തുക
7.56 ലക്ഷം രൂപയ്ക്കാണ് ഇപ്രാവശ്യം ബസ് സ്റ്റാൻഡിലെ ഫീസ് പിരിക്കാനുള്ള അവകാശം ലേലം ചെയ്തു കൊടുത്തിട്ടിട്ടുള്ളത്. ലക്ഷങ്ങൾ വാടകയായി കടകളിൽ നിന്നും മാസംതോറും ലഭിക്കുന്നുമുണ്ട്. എന്നിട്ടും ബസ് സ്റ്റാൻഡിലെ ഭൗതികമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ അറ്റകുറ്റപ്പണികൾ നടത്താനോ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും അധികൃതർ തയാറാകുന്നില്ല.