പത്തനംതിട്ട : കാലവർഷം എത്തുംമുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ അവതാളത്തിൽ. തെരുവുകളിലും തോടുകളിലും മാലിന്യം കുന്നുകൂടിയത് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ചീഞ്ഞു തുടങ്ങി. ഇറച്ചി, പഴം, പച്ചക്കറി മാലിന്യങ്ങളും വഴിയരികിൽ വലിച്ചെറിയുന്ന പ്രവണത കൂടി വരികയുമാണ്. ചാക്കുകളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഇൗടാക്കുന്നുണ്ടെങ്കിലും അധികൃതരുടെ കണ്ണ് വെട്ടിച്ച് സാമൂഹികവിരുദ്ധ പ്രവർത്തനം തുടരുകയാണ്.
ശുചിത്വമിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻ വർഷങ്ങളിൽ മഴക്കാല പൂർവ ശുചീകരണയജ്ഞം നടത്താറുണ്ടായിരുന്നു. ശുചീകരണ തൊഴിലാളികൾക്കൊപ്പം ജനപ്രതിനിധികളും നാട്ടുകാരും ഒരുമിച്ച് നടത്തിക്കൊണ്ടിരുന്ന പരിപാടി ഇൗ വർഷം കാര്യമായി നടന്നില്ല. കാലവർഷ മുന്നറിയിപ്പ് ലഭിക്കുന്നതിന് മുൻപേ നാട് വൃത്തിയാക്കുന്ന ജോലികൾ ഏറെക്കുറെ വിജയമായിരുന്നു. ഇൗ വർഷം ശുചീകരണത്തിന് പ്രത്യേക പദ്ധതികൾ ഒന്നുമില്ലെന്നാണ് ശുചിത്വമിഷൻ അധികൃതർ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങൾ സാധാരണ നടത്തിവരാറുള്ള ശുചീകരണം മാത്രമാണ് ഇപ്പോഴും തുടരുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രിക്ക് പിന്നിൽ ഡോക്ടേഴ്സ് ലെയിനിലെ ഒാടകളിൽ ഭക്ഷ്യാവശിഷ്ടങ്ങൾ അടക്കമുള്ള മാലന്യങ്ങൾ കൂടിക്കിടക്കുന്നു. മാലിന്യം വലിച്ചെറിയരുതെന്ന അറിയിപ്പിന് മുന്നിലാണിത്. കോളേജ് റോഡിൽ ചതുപ്പ് നിലങ്ങളിലേക്ക് മാലിന്യം തള്ളുന്നു. പ്രസ് ക്ളബ് റോഡിലും റിംഗ് റോഡിന്റെ പലഭാഗങ്ങളിലും മാലിന്യം കിടപ്പുണ്ട്.
ഫണ്ടില്ല, ബോധവൽക്കരണം മുടങ്ങി
തദ്ദേശ വകുപ്പിന് കീഴിലുള്ള ശുചിത്വമിഷനാണ് മഴക്കാലത്തിന് മുൻപ് ശുചീകരണവും ബോധവൽക്കരണവും നടത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ വർഷം വരെയും ഇത് മുടക്കമില്ലാതെ നടന്നിരുന്നു. ഇത്തവണ കൂട്ടായ ശുചിത്വ പരിപാടികൾക്ക് ഫണ്ട് ലഭ്യമല്ലെന്ന് ശുചിത്വമിഷൻ അധികൃതർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തുക കൈമാറുകയാണ്.
ഫണ്ട് വകമാറ്റുന്നു
ശുചീകരണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡിൽ 30000രൂപ അനുവദിക്കുന്നുണ്ട്. ശുചിത്വമിഷൻ, ദേശീയ ആരോഗ്യമിഷൻ, തനതുഫണ്ട് എന്നീ തലങ്ങളിൽ നിന്ന് പതിനായിരം രൂപ വീതം ഫണ്ട് വാർഡുകളിലേക്ക് ലഭിക്കും. എന്നാൽ, പല തദ്ദേശ സ്ഥാപനങ്ങളും ഇതുവകമാറ്റി റോഡ് കോൺക്രീറ്റിംഗിനും മറ്റുമായി ഉപയോഗിക്കുകയാണ്.
'' മഴക്കാല പൂർവ ശുചീകരണത്തിന് മുൻ വർഷങ്ങളിലേപ്പോലെ പൊതുവായ പദ്ധതികളില്ല. ഫണ്ടിന്റെ കുറവുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടുപയോഗിച്ച് ശുചീകരണം ഉൗർജിതമായി നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ശുചിത്വമിഷൻ.