പ്രമാടം : മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രമാടം പഞ്ചായത്ത് മറൂരിൽ സ്ഥാപിച്ച എം.സി.എഫിലെ മാലിന്യവും ഒടുവിൽ നീക്കം ചെയ്തു. മാലിന്യ മുക്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങൾ (എം.സി.എഫ്) മാലിന്യ കൂമ്പാരങ്ങളായി മാറിയതോടെ നാട് പകർച്ചവ്യാധി ഭീഷണിയിലായത് കഴിഞ്ഞ ആഴ്ച കേരളകൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് കർശന നടപടി സ്വീകരിക്കുകയും വിവിധ വാർഡുകളിലെ എം.സി.എഫുകൾ ശുചിയാക്കുകയും ചെയ്തെങ്കിലും മറൂരിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഏറ്റവും കൂടുതൽ പകർച്ചവ്യാധി ഭീഷണി നിലനിന്നിരുന്നതും മറൂരിലെ വ്യാഴി കടവിന് സമീപം സ്ഥാപിച്ച എം.സി.എഫിലാണ്. ഇതിന് താഴെയാണ് നൂറ് കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രമാടം കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്നത്. എം.സി.എഫുകൾ നിറഞ്ഞ് ജീർണിച്ച മാലിന്യ ക്കൂമ്പാരങ്ങൾ റോഡിലേക്കും മലിന ജലം ആറ്റിലേക്കും ഒഴുകുന്ന സ്ഥിതിയായിരുന്നു. ശുചീകരണ തൊഴിലാളികളുടെ അഭാവമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതേ തുടർന്ന് വാർഡുമെമ്പർ കെ.എം. മോഹനന്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്ത ശേഷം പരിസരം ഉൾപ്പെടെ ശുചീകരിക്കുകയായിരുന്നു. അനധികൃത മാലിന്യ നിക്ഷേപം ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മിനി എം.സി.എഫുകളിലെ അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പ്രമാടം പഞ്ചായത്ത് മുന്നറിയിപ്പ് നൽകി.
ഉണർന്ന് പ്രവർത്തിച്ച് അധികൃതർ
ആറ് മാസം മുമ്പാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഖരമാലിന്യ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്.എന്നാൽ ഒരുതവണ പോലും മിക്കയിടങ്ങളിലെയും മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയാറായിരുന്നില്ല. മിക്ക ഇടങ്ങളിലും എം.സി.എഫുകൾ നിറഞ്ഞ് മാലിന്യങ്ങൾ പുറത്തേക്ക് കുന്നുകൂടിയ നിലയിലുമായിരുന്നു. കേരളകൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ച് തുടങ്ങിയതിന് ശേഷമാണ് പഞ്ചായത്ത് ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. അനധികൃത മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ പൊതുജന സഹകരണത്തോടെ രാത്രികാല പരിശോധന ഉൾപ്പെടെ നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.
..............................
ഹരിത കർമ്മസേന വീടുകളിൽ നിന്നും തരംതിരിച്ച് ശേഖരിക്കുന്ന പാഴ് വസ്തുകൾ സംഭരിച്ച് വയ്ക്കുന്നതിന് വേണ്ടിയാണ് എം.സി.എഫുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾ പൊതുമാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറ്റരുത്. അറവുമാടുകളുടെയും ഇറച്ചിക്കോഴിയുടേയും ഉൾപ്പെടെ അവശിഷ്ടടങ്ങൾ കവറുകളിലക്കി ഇവിടങ്ങളിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ നാട് പകർച്ചവ്യാധി ഭീഷണി നേരിടും. ഇതിനെതിരെ പൊതുജന ജാഗ്രത വേണം
(പഞ്ചായത്ത് അധികൃതർ)