കൊടുമൺ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കൊടുമൺ അന്താരാഷ്ട്രാ സ്റ്റേഡിയം ഉദ്ഘാടനം നാളെ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കായികമന്ത്രി വി. അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയിലൂടെ 15.10 കോടി രൂപ ചെലവഴിച്ചാണ് സ്‌റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിച്ചത്. നടത്തിപ്പു ചുമതല സ്‌പോർട്സ് വകുപ്പ് പഞ്ചായത്തിന് കൈമാറി.
അത്യാധുനിക നിലവാരത്തിലുള്ള സ്റ്റേഡിയത്തിൽ ഫുട് ബാൾ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബാൾ, വോളിബാൾ കോർട്ടുകൾ, ഷട്ടിൽ കോർട്ടുകൾ, സിന്തറ്റിക് ട്രാക്ക് തുടങ്ങിയവയുടെ നിർമ്മാണവും നേരത്തെതന്നെ പൂർത്തീകരിച്ചിരിക്കുകയാണ്. ഒപ്പം കളിക്കാർക്കുള്ള വിശ്രമമുറികൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പാർക്കിംഗ് സൗകര്യം, സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ടോയ്‌ലറ്റുകൾ, ഫ്‌ളഡ്‌ലൈറ്റ് സംവിധാനം, ആധുനിക സജ്ജീകരണങ്ങൾ, പവലിയൻ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
മൂന്നര വർഷമായി ഇവിടെ കുട്ടികൾക്ക് പരിശീലനം നടക്കുന്നുണ്ട്. സ്‌പോർട്‌സ് കൗൺസിലിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെയാണ് പരിശീലനം.
കിറ്റ്‌കോ ആയിരുന്നു പദ്ധതിയുടെ നിർവഹണ ഏജൻസി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്‌പോർട്‌സ് വകുപ്പ് , കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന് സ്റ്റേഡിയത്തിന്റെ കൈവശരേഖ കൈമാറുകയായിരുന്നു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ സി. പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി പി. പ്രസാദ്, സ്‌പോർട്‌സ് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാജഹാൻ, കിറ്റ്‌കോ പ്രോജക്ട് മാനേജർ അബ്ദുൾ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.