sheeja
പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തുന്ന ഷീജാ അസീസ്

പത്തനംതിട്ട: മകനെ കള്ളക്കേസിൽ കുടുക്കിയതായി ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ മാതാവിന്റെ സത്യഗ്രഹം. മകനെ മോചിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതോടെ ഫയർഫോഴ്സും സ്ഥലത്തെത്തി. ഇന്നലെ രാവിലെ പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.
കുലശേഖരപ്പതി ലബ്ബ വീട്ടിൽ ഷീജാ അസീസാണ് ബന്ധുക്കൾക്കൊപ്പം പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം പത്തനംതിട്ടയിൽ നടന്ന എം .ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിനിടെ എസ്. എഫ്. ഐ കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഈ കേസിൽ മൂന്നാം പ്രതിയാണ് ഷീജയുടെ മകൻ ഉമ്മർ ഖാൻ (19)​.. ചെന്നെയിൽ പഠിക്കുന്ന ഉമ്മർ ഖാനെ അവിടെവച്ചാണ് പിടികൂടിയത്. മകനെ കാണാനും വിവരം അന്വേഷിക്കാനും സ്റ്റേഷനിലെത്തിയ ഷീജയെ മർദ്ദിച്ചെന്നും പരാതിയുണ്ട്.
വാടകക്കെട്ടിടത്തിൽ നിന്ന് തന്നെ ഒഴിപ്പിക്കാൻ സി.പി. എം ശ്രമിക്കുന്നതായും സി. പി. എം - ഡി. വൈ. എഫ്.ഐ നേതാക്കളാണ് മകനെ കുടുക്കാൻ ശ്രമിക്കുന്നതെന്നും ഷീജ പറഞ്ഞു. 14 വർഷമായി പത്തനംതിട്ടയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചില കേസുകളും നിലനിൽക്കുന്നുണ്ട്. ഡി. വൈ. എസ്. പിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉച്ചയോടെ പ്രതിഷേധം അവസാനിപ്പിച്ചു.