പത്തനംതിട്ട : രണ്ടാംപിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ഇന്ന് സമാപനം. കഴിഞ്ഞ 11ന് ആരംഭിച്ച മേള ഇന്ന് രാത്രി ഒൻപതോടെ സമാപിക്കും. രാവിലെ 10ന് സമാപന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. പതിനായിരത്തിലധികം ആളുകൾ കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ പ്രദർശന നഗരിയിൽ എത്തിയതായാണ് കണക്കുകൂട്ടൽ. 170 സ്റ്റാളുകളിലും ജനങ്ങളുടെ സജീവ ഇടപെടലുണ്ടായി. സർക്കാരുമായി ബന്ധപ്പെട്ട സേവനം സംബന്ധിച്ച സ്റ്റാളുകളിലും വാണിജ്യ സ്റ്റാളുകളിലും ഒരുപോലെ ജനത്തിരക്കുണ്ടായി. സെമിനാർ വേദികളിലും കലാവേദിയിലും സന്ദർശകർ സജീവമായിരുന്നു. ഇന്ന് രാത്രി ഒൻപതുവരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.
വരുമാനം 26 ലക്ഷം
മേള അഞ്ച് ദിവസം പിന്നിട്ടപ്പോൾ സ്റ്റാളുകളിലെ വിറ്റുവരവ് 26 ലക്ഷം കടന്നതായി പ്രാഥമിക കണക്കുകൾ. 5,000ത്തോളം പേർ വിവിധ സേവനങ്ങൾ നേടുകയും ചെയ്തു. കുടുംബശ്രീക്ക് മാത്രം ഇതിനകം 12 ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് ലഭിച്ചു. ഇതിൽ 6,74,510 രൂപ ഭക്ഷണ സ്റ്റാളുകളിൽ നിന്നാണ്. കുടുംബശ്രീയുടെ വാണിജ്യ സ്റ്റാളുകളിലും വിറ്റുവരവ് അഞ്ച് ലക്ഷം രൂപ കടന്നു. 15വരെ 5,21,977 രൂപയുടെ കച്ചവടമാണ് ഈ സ്റ്റാളുകളിൽ നടന്നത്. ആകെ 15 സ്റ്റാളുകളാണ് കുടുംബശ്രീക്കുള്ളത്.
മറ്റുസ്റ്റാളുകളിലും മികച്ച വിൽപ്പന നടക്കുന്നുണ്ട്. കൊടുമൺ, ദിനേശ് സ്റ്റാളുകളിലും തിരക്കും ക്രയവിക്രയവും കൂടുതലാണ്. കൃഷിവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും സ്റ്റാളുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇവയെല്ലാം കൂട്ടുമ്പോൾ 26 ലക്ഷത്തിലധികം രൂപയുടെ കച്ചവടം നടന്നതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.