ചെങ്ങന്നൂർ: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ താഴികക്കുടം കവച്ചാക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രതികളായ ശരത്കുമാർ, ഗീതാനന്ദൻ, പി.ടി. ലിജു, സജീഷ്‌കുമാർ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. തിങ്കളാഴ്ച കൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വി.ബെന്നിയുടെ നേതൃത്വത്തിലുളള സംഘം ശരത്കുമാറിന്റെ മൊഴിയെടുത്തു. വരും ദിവസങ്ങളിൽ മറ്റുളളവരുടെയും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു.
അപൂർവലോഹമായ ഇറിഡിയത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന താഴികക്കുടം 2011 ഒക്ടോബർ 20ന് പുലർച്ചെയാണ് മോഷണം പോയതായി പുറത്തറിഞ്ഞത്. താഴികക്കുടത്തിന്റെ മകുടമാണ് മോഷ്ടിക്കപ്പെട്ടത്. മൂന്നാംദിവസം മകുടം ഉപേക്ഷിച്ചനിലയിൽ സമീപത്തെ വീടിനടുത്തുനിന്ന് കണ്ടെത്തി. പിന്നീട് ക്ഷേത്ര ഭരണസമിതി താഴികക്കുടം തിരികെ വാങ്ങിയശേഷം പുനഃപ്രതിഷ്ഠിച്ചു.
എന്നാൽ 2016 സെപ്തംബർ 29ന് വീണ്ടും മോഷണശ്രമം നടന്നു. താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കൊണ്ടുപോകാൻ സാധിച്ചില്ല. സുരക്ഷ കണക്കിലെടുത്ത് പുതിയ താഴികക്കുടമാണ് പിന്നീട് പ്രതിഷ്ഠിച്ചത്. 40 വർഷമായി നാട്ടുകാരുടെ സമിതിയാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്. കുറ്റപത്രപ്രകാരം താഴികക്കുടത്തിൽ ഇറിഡിയത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ഖ്യാതി പരന്നതോടെ അവകാശികളായി പലരുമെത്തി. താഴികക്കുടം മോഷ്ടിച്ച് ഇറിഡിയം കൈക്കലാക്കാനായിരുന്നു നീക്കമെന്നു കുറ്റപത്രത്തിൽ പറയുന്നു.
താഴികക്കുടം മോഷ്ടിക്കപ്പെടാതിരിക്കാൻ ആദ്യഘട്ടത്തിൽ ക്ഷേത്രത്തിൽ 10 പേരടങ്ങുന്ന സംഘത്തിന്റെ കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ മോഷണം നടക്കുന്നതിന് ഒരാഴ്ചമുൻപ് കാവൽ ഒഴിവാക്കി. 20ന് പുലർച്ചെ മോഷണവിവരമറിഞ്ഞ് പൊലീസെത്തി. സത്യസന്ധമായി പൊലീസിന് മൊഴി കൊടുത്തിരുന്നതായി അഞ്ചാംപ്രതിയായ ശരത്കുമാർ പറയുന്നു. കമ്മിറ്റിക്കാർക്കെതിരേ ചെങ്ങന്നൂർ കോടതിയിൽ സിവിൽ കേസ് ഫയൽചെയ്ത വൈരാഗ്യത്തിലാണ് തന്നെ പ്രതിയാക്കിയതെന്നാണ് പരാതിയിലുള്ളത്.