പത്തനംതിട്ട: അഴിമതി കണ്ടെത്തിയ മൈലപ്ര സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെയും ജീവനക്കാരുടെയും നിരാഹാര സത്യഗ്രഹം തുടങ്ങി. സമരം പ്രഖ്യാപിച്ചതിനാൽ ഇന്നലെ ബാങ്ക് തുറന്നിരുന്നില്ല. പണം തിരികെക്കിട്ടും വരെ സമരമിരിക്കാനാണ് നിക്ഷേപകരുടെ തീരുമാനം. ആക്ഷൻ കൗൺസിൽ രൂപവത് കരിക്കാനും പൊലീസിൽ പരാതി നൽകാനും ആലോചനയുണ്ട്. രജിസ്റ്ററുകൾ കടത്താൻ ശ്രമിച്ചത് തടഞ്ഞ മൂന്നുപേരെ പ്രസിഡന്റ് സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരം നടത്തുന്നത്. ഇവരുടെ സസ്‌പെൻഷൻ പിൻവലിക്കും വരെ സമരം ചെയ്യുമെന്ന് ജീവനക്കാർ പറഞ്ഞു. വെള്ളിയാഴ്ചയാണ് ബാങ്കിലെ മൂന്ന് ജീവനക്കാരെ സമരം ചെയ്‌തെന്ന കാരണം പറഞ്ഞ് പ്രസിഡന്റ് സസ്‌പെൻഡ് ചെയ്തത്.
ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിശോധിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങൾ ഇന്ന് മൈലപ്രയിലെത്തും. ഏരിയാ കമ്മിറ്റിയംഗമായ ബാങ്ക് പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ പ്രകടനം നടത്താനുണ്ടായ സാഹചര്യം ബ്രാഞ്ച് സെക്രട്ടറിമാർ വിശദീകരിക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡന്റിനെതിരെ ആരോപണം ശക്തമായതോടെയാണ് വിഷയം സി.പി.എം ചർച്ച ചെയ്യുന്നത്.