അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കുടിവെള്ളമില്ലെന്ന് പരാതി. ഡിപ്പോയിലുള്ളത് നിലവിൽ മൂന്ന് കിണറുകളാണ്. മൂന്നിടത്തേയും പമ്പുസെറ്റ് തകരാറിലായതോടെ മൂന്നാഴ്ചയിലേറെയായി ടോയ്ലെറ്റിൽ പോലും വെള്ളം ഇല്ലാത്ത സ്ഥിതിയാണ്. 15,000 രൂപയിൽത്താഴെമാത്രമേ ഒരു പമ്പ് സെറ്റിന് ചെലവ് വരൂ. എന്നാൽ ഇതിന് മുൻകൈ എടുക്കാൻ തയാറാകാത്ത ഡിപ്പോ അധികൃതരുടെ നിലപാട് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്. വനിതകളുടേത് ഉൾപ്പെടെ രണ്ട് ടോയിലെറ്റ് ബ്ളോക്കുകളുണ്ട്. ഇവിടങ്ങളിലേക്ക് നിലവിലെ ആശ്രയം വാട്ടർ അതോറ്റിയുടെ ജലമാണ്. ഇതാകട്ടെ പലദിവസങ്ങളിലും ലഭിക്കാറില്ല. ഫലത്തിൽ ടോയ്ലെറ്റുകളും ബസുകളും വൃത്തിഹീനമാണ്. നിലവിലുള്ള പമ്പ്സെറ്റ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ, പുതിയ മോട്ടോർ വാങ്ങിവെയ്ക്കുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചീഫ് ഒാഫീസിനെ സമീപിക്കാത്തതാണ് ഡിപ്പോയിലെ പ്രശ്നങ്ങൾക്ക് കാരണം.


പണം അനുവദിച്ചിട്ടുംപ്രയോജനപ്പെടുത്തിയില്ല

കിണറുകൾ വൃത്തിയാക്കുന്നതിനും പമ്പ് സെറ്റുകളുടെ അറ്റകുറ്റപ്പണികൾക്കുമായി നേരത്തെ പണം അനുവദിച്ചതാണ്. ഇത് ഫലപ്രദമായി വിനിയോഗിച്ചില്ലെന്നആരോപണം ജീവനക്കാർക്കിടയിൽ തന്നെയുണ്ട്. ഇക്കാരണത്താലാണ് വീണ്ടും പണം ആവശ്യപ്പെടാൻ ബന്ധപ്പെട്ടവർക്ക് കഴിയാതെ വരുന്നത്. 35 ഒാളം ഷെഡ്യൂളുകൾ ഡിപ്പോയിൽ നിന്നും നടത്തുന്നുണ്ട്. കൊവിഡ് കാലം കണക്കിലെടുത്ത് ബസുകൾ ശുചീകരണം നിടത്തണമെന്ന കർശന നിർദ്ദേശമുണ്ട്. എന്നാൽ വെള്ളമില്ലെന്ന കാരണത്താൽ ഇത് പേരിൽമാത്രം ഒതുങ്ങുകയാണ്. ഇരുപതോളം ജീവനക്കാർ രാത്രികാലങ്ങളിൽ ഡിപ്പോയിൽ തങ്ങുന്നുണ്ട്. പുലർച്ചെ ജോലിക്ക് പോകേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്ക് രാവിലെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻപോലും സംവിധാനമില്ല.ദൂരെ സ്ഥലങ്ങളിൽ നിന്നും ഡ്യൂട്ടിക്കെത്തുന്നവരാണ് ഇവരിൽ പലരും. കുളിക്കാൻപോലും കഴിയാതെ ഡ്യൂട്ടിക്ക് പോകേണ്ട അവസ്ഥയാണ് പലരുടേതും. ഒരു ബസ് കഴുകാൻ താൽക്കാലിക ജീവനക്കാരന് നൽകുന്നത് കേവലം 25 രൂപയാണ്. വെള്ളമില്ലാത്തകാരണത്താൽ നിലവിൽ വല്ലപ്പോഴും പന്തളത്ത് ഡിപ്പോയിൽ കൊണ്ടുപോയാണ് കഴുകുന്നത്. ഇതിന് ഡീസൽ ഇനത്തിൽ മാത്രം ചെലവ് അഞ്ഞൂറ് രൂപയിലേറെ.

.............

നാഥനില്ലാത്ത അവസ്ഥയാണ് നിലവിൽ അടൂർ ഡിപ്പോയിലേത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയാണ് ഡിപ്പോയുടെ നിലവിലെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. നിലവിലുള്ള ഷെഡ്യൂളുകൾ പോലും നടത്താൻ കഴിയുന്നില്ല. കൊിവഡിന് മുൻപ് ഉണ്ടായിരുന്ന പല ദീർഘദൂസർവീസുകളും പുനരാരംഭിക്കുന്നതിനും നടപടിയില്ല. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ നിയമിച്ചാൽ മാത്രമേ ഇതിന് പരിഹാരമാകൂ.

(ജീവനക്കാർ)