പത്തനംതിട്ട : തൈക്കാവ് റോഡിലെ കുഴികൾ കാരണം പൊറുതിമുട്ടി വ്യാപാരികളും യാത്രക്കാരും. നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അധികൃതർ യാതൊരു നടപടിയും എടുത്തിട്ടില്ല.
വാഹനങ്ങളുടെ ടെയർ കുഴിയിൽ വീണ് ചെളിവെള്ളവും ചീളുകൾ തെറിച്ച് ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മുകളിലും, കടകൾക്കുള്ളിലേക്കും തെറിക്കുന്നതും പതിവാണ്. പത്തനംതിട്ട നഗരസഭ 10, 11 വാർഡുകളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. തൈക്കാവ് ഹയർസെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാന പാത കൂടിയാണിത്. ഗാന്ധി സ്ക്വയറിന് സമീപമുള്ള കുരിശുകവല മുതലാണ് ഈ റോഡ് ആരംഭിക്കുന്നത്. തൈക്കാവ് സ്കൂളിലേക്കാണ് നേരെയുള്ള റോഡ് പോകുന്നത്. 2018ലാണ് അവസാനമായി ഈ റോഡ് ടാർ ചെയ്തത്. പഴയ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമാണ് റോഡ്. സ്വകാര്യ ബസുകൾ പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നത് ഈ റോഡിലൂടെയാണ്. മഴയത്ത് ഈ കുഴിയിൽ വെള്ളം നിറഞ്ഞ് വാഹനങ്ങളെത്തുമ്പോൾ സമീപ കടകളിലെല്ലാം ചെളിയിൽ നിറയും. ഇത് കാരണം സാധനങ്ങൾ വാങ്ങാൻ പോലും ആളുകൾ കടയിലെത്തില്ല. വീതി കുറഞ്ഞ റോഡിൽ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്കും പതിവാണ്. ഒറ്റവരിപ്പാതയായ റോഡിൽ അത് കണക്കിലെടുക്കാതെ ഇരുവശത്തുകൂടിയും തോന്നിയപോലെയാണ് വാഹനങ്ങൾ പോകുന്നത്. നിയന്ത്രണങ്ങളില്ലാതെ പാർക്കിംഗും വഴിയോര വിപണികളും ഈ റോഡിന്റെ സ്ഥലത്തെ പകുതിയോളം അപഹരിച്ചിട്ടുണ്ട്. റോഡിൽ നിന്ന് ഇറങ്ങിയാണ് വഴിയാത്രക്കാർ നടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നതും പതിവാണ്.
സ്കൂൾ തുറക്കാൻ രണ്ടാഴ്ച
സ്കൂൾ തുറക്കാൻ ഇനി രണ്ടാഴ്ച കൂടിയേയുള്ളു. തൈക്കാവ് ഗവ. സ്കൂളിലേക്ക് പോകുന്ന റോഡാണ് കുഴിയായി നടക്കാൻ പോലും കഴിയാതെ കിടക്കുന്നത്. ജൂണിൽ ക്ലാസ് ആരംഭിക്കാനിരിക്കെ അറ്റകുറ്റപ്പണികൾ ഇവിടെ ചെയ്തിട്ടില്ല. പ്രൈവറ്റ് ബസുകളും മറ്റ് വാഹനങ്ങളുമെല്ലാം ഇതുവഴിയാണ് കടന്ന് പോകുന്നത്.
"ഫണ്ടിന്റെ അപര്യാപ്തത ഉണ്ട്. നിലവിൽ മുൻഗണനാ ലിസ്റ്റിലുള്ള റോഡ് തന്നെയാണിത്. പി.ഡബ്യൂ.ഡിയുടെ ഫണ്ടിലേക്കും കൊടുത്തിട്ടുണ്ട്. "
റോസ്ലിൻ സന്തോഷ്
(നഗരസഭാ കൗൺസിലർ)