chittayam-and-veena-georg

പത്തനംതിട്ട: ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യമന്ത്രി വീണാജോർജ്ജുമായുള്ള 'ശീതയുദ്ധം" തുടരുന്നു. സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികത്തിൽ നടത്തിയ 'എന്റെ കേരളം" പ്രദർശനമേളയുടെ സമാപനസമ്മേളനത്തിലും ഡെപ്യൂട്ടി സ്‌പീക്കർ പങ്കെടുത്തില്ല. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മേളയുടെ ഉദ്ഘാടനസമ്മേളനം അദ്ദേഹം ബഹിഷ്‌‌ക്കരിച്ചിരുന്നു. സി.പി.ഐ നേതാക്കളും ചടങ്ങ് ബഹിഷ്കരിച്ചു.

സമാപനസമ്മേളനം വീണാജോർജാണ് ഉദ്ഘാടനം ചെയ്തത്. അദ്ധ്യക്ഷനാകേണ്ടിയിരുന്നത് ചിറ്റയം ഗോപകുമാറായിരുന്നു. ഇന്നലെ വൈകിട്ട് നാലിന് നടത്താനിരുന്ന സമാപന സമ്മേളനം രാവിലെ പതിനൊന്നിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരത്ത് നേരത്തേ നിശ്ചയിച്ച യോഗമുള്ളതിനാൽ രാവിലെ പങ്കെടുക്കാൻ കഴിയില്ലെന്ന് ഡെപ്യൂട്ടി സ്‌പീക്കർ അറിയിച്ചതായി ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ പരിപാ‌ടിയിൽ പറഞ്ഞു. ചിറ്റയം പങ്കെടുക്കാതിരുന്നതിനെപ്പറ്റി വീണാജോർജ് പ്രതികരിച്ചില്ല. കളക്ടർ കാര്യം അറിയിച്ചതല്ലേ എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി.

മേളയുടെ മേൽനോട്ടച്ചുമതലയുള്ള വീണാജോർജ് തന്നെ ക്ഷണിച്ചില്ലെന്നും ജില്ലയിലെ എം.എൽ.എമാരെ ഏകോപിപ്പിക്കുന്നതിൽ മന്ത്രി വൻപരാജയമാണെന്നും ചിറ്റയം പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ പരസ്യമായി പ്രതികരിക്കാതിരുന്ന മന്ത്രി ചിറ്റയത്തിനെതിരെ എൽ.ഡി.എഫ് കൺവീനർക്ക് പരാതി നൽകിയിരുന്നു. പിന്നാലെ ചിറ്റയവും പരാതി നൽകി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് മുന്നണി നേതൃത്വം.

 വീണയും ചിറ്റയവും ഇന്ന് നേർക്കുനേർ

ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ വീണാജോർജും ചിറ്റയം ഗോപകുമാറും ഇന്ന് ഒരേ വേദിയിലെത്തും. ചിറ്റയത്തിന്റെ മണ്ഡലമായ അടൂരിൽ വൈകിട്ട് 4.30ന് നടക്കുന്ന കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചിറ്റയം അദ്ധ്യക്ഷനും മന്ത്രി മുഖ്യാതിഥിയുമാണ്. കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാനാണ് ഉദ്ഘാടനം.