തിരുവല്ല: യു.ഡി.എഫ് നേതൃത്വത്തിലുള്ള തിരുവല്ല നഗരസഭാ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അസംബന്ധമാണെന്നും എൽ.ഡി.എഫിന്റെ അവിശ്വാസത്തിനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, വൈസ്ചെയർമാൻ ഫിലിപ്പ് ജോർജ്ജ് എന്നിവർ പറഞ്ഞു. അഴിമതി ഉണ്ടെങ്കിൽ സ്വന്തം സർക്കാരിന് കീഴിലെ വിജിലൻസിന് പരാതി നൽകണം. സോഷ്യൽ ഓഡിറ്റിൽ അഴിമതിയുണ്ടെങ്കിൽ ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്. നഗരസഭയുടെ നല്ല നിലപാടുകളെ അനുകൂലിക്കുന്ന ബി.ജെ.പിയെ അഴിമതിക്കാരായി ചിത്രീകരിക്കുന്നത് മോശം പ്രവണതയാണ്. സർക്കാരിന്റെ ഒട്ടനവധി പദ്ധതികൾ നന്നായി നടപ്പാക്കിയതിന് വകുപ്പ് മന്ത്രി പൊതുവേദിയിൽ നഗരസഭാദ്ധ്യക്ഷയെ പ്രശംസിച്ചതും പ്രതിപക്ഷം മറന്നുപോയി. ജനേപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ ഭരണം മുന്നോട്ടുപോകാൻ എല്ലാവരുടെയും സഹായവും പിന്തുണയും വേണമെന്നും അവർ അഭ്യർത്ഥിച്ചു.