പന്തളം: മൂന്ന് ഏക്കറിൽ നെൽകൃഷി നടത്തിയ കർഷകൻ മഴ ചതിച്ചതോടെ ഗതികേടിലായി. കൊയ്തെടുത്ത നെല്ലും കച്ചിയും ഉണക്കിയെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കൈപ്പുഴ നന്ദാവനത്തിൽ മനോജ്. പനങ്ങാട് ഏലംതാറ്റ് പുഞ്ചയിലായിരുന്നു കൃഷി. കൊയ്ത് മെതിച്ച് കളത്തിൽകൂട്ടിയ നെല്ല് മഴമൂലം പ്ലാസ്റ്റിക്ക് കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. മഴ തുടർന്നാൽ നെല്ല് കിളിർക്കും. വൈക്കോൽ ചീഞ്ഞളിയും. .വൻ നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്.
നേരത്തെ നവംബറിലാണ് കൃഷിയിറക്കിയിരുന്നത്. ഇത്തവണ മഴ കാരണം വിതയ്ക്കാൻ വൈകി. ഇതാണ് കൊയ്യാൻ വൈകിയതിന് കാരണം. കൃഷിക്ക് 1.80 ലക്ഷം രൂപ ചെലവായി. . വിത്തും പൂട്ടുകൂലിയും മാത്രമേ സർക്കാർ സഹായമായി ലഭിച്ചുള്ളു.
ഇത്തവണ നൽകിയ വിത്തിൽ കളകളുടെ വിത്തും ഉണ്ടായിരുന്നു അതിനാൽ നെല്ലിനേക്കാൾ കൂടുതലായി കള കിളിർത്തു .
കുളനട പഞ്ചായത്തിലെ 12,13, വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന ഏലംതാറ്റ് പൂഞ്ച 60 ഏക്കറോളമുണ്ട്. മൂന്നേക്കറിലേ ഇത്തവണ കൃഷി നടത്തിയുള്ളു. കഴിഞ്ഞതവണ 40 ഏക്കർ പാട്ടത്തിനെടുത്ത് കൃഷിചെയ്ത ഇലന്തൂർ സ്വദേശി സുരേഷിന് വൻ നഷ്ടമാണുണ്ടായത്. മഴയും വെള്ളപ്പൊക്കവും കാരണം 10 ഏക്കറിലെ വിളവെടുക്കാനേ കഴിഞ്ഞുള്ളു . ബാക്കി നശിച്ചുപോയി. അടിക്കടിയുണ്ടാകുന്ന നഷ്ടം കാരണം കൃഷിയിറക്കാൻ കർഷകർ തയ്യാറാകുന്നില്ല.
വെള്ളമാണ് വില്ലൻ
നവംബർ പതിനഞ്ചോടെ വിത്ത് വിതച്ചാൽ ഏപ്രിലിൽ കൊയ്തെടുക്കാൻ കഴിയും . എന്നാൽ ഡി വാട്ടറിംഗ് സംവിധാനമില്ലാത്തതിനാൽ യഥാസമയം കൃഷി നടത്താൻ കഴിയില്ല.
അച്ചൻകോവിലാറ്റിലെ അമ്പാട്ട് കടവിൽ പമ്പും പമ്പ് ഹൗസും സ്ഥാപിക്കുന്നതിനുള്ള പണികൾ നടക്കുന്നുണ്ട്. 45 ലക്ഷം രൂപ ചെലവിൽ മൈനർ ഇറിഗേഷനാണ് നിർമ്മാണം. ഇതോടൊപ്പം അമ്പാട്ടുപടി കൊല്ലന്റെപടി തോട് നവീകരിച്ച് അവിടെയും മോട്ടർ സ്ഥാപിച്ചാൽ ആവശ്യമുള്ളപ്പോൾ വെള്ളമെടുക്കാനും അധികമുള്ളത് അടിച്ചുകളയാനും കഴിയും. ഇവിടെ പമ്പ് സ്ഥാപിക്കുന്നതിന് കുളനടപഞ്ചായത്ത് 3 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല.
ഏലംതാറ്റ് പൂഞ്ച - 60 ഏക്കർ
കൃഷി നടത്തിയത് - 3 ഏക്കറിൽ
നഷ്ടം കാരണം കൃഷിക്ക് കർഷകർ മടിക്കുന്നു
-------
ആവശ്യമുള്ളപ്പോൾ വെള്ളമെടുക്കാനും അധികമുള്ളത് അടിച്ചുകളയാനും പമ്പ് പ്രവർത്തിപ്പിക്കുന്നതിന് പോസ്റ്റുകൾ ഇട്ട് വൈദ്യുതി ലൈൻ വലിച്ചിരുന്നു. കെ.എസ്ഇബിക്ക് പണം അടയ്ക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ തുടർ നടപടിയില്ല. പമ്പ് സ്ഥാപിക്കാൻ പഞ്ചായത്ത് തയ്യാറാകണം
ഭരതരാജൻ പിള്ള, സെക്രട്ടറി
ഏലംതാറ്റ് പാടശേഖര സമിതി