പത്തനംതിട്ട: അനിയന്ത്രിതമായ പേപ്പർ വില വർദ്ധനവിലും അച്ചടി അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് പ്രസുകൾ അടച്ചിട്ട് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ നാളെ പത്തനംതിട്ട സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തും. കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധ ഇനം പേപ്പറുകൾക്ക് 50 ശതമാനത്തിലെറെ വില വർദ്ധിച്ചു. ജി.എസ്.ടി നിരക്കും വലിയ തോതിൽ വർദ്ധിപ്പിച്ചു. വലുതും ചെറുതുമായി 10,000ൽപ്പരം അച്ചടി സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിച്ചിരുന്നു . ഇപ്പോൾ അത് 370ൽ താഴെ എത്തി. അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ നോട്ടുബുക്ക് , പാഠ പുസ്തകങ്ങൾ മുതലായ എല്ലാ കടലാസ് നിർമ്മിത ഉൽപന്നങ്ങളുടെയും വില വലിയ തോതിയിൽ വർദ്ധിക്കും. അച്ചടി വ്യവസായം വർഷങ്ങളായി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡിന്റെ ആഘാതത്തിൽ നിന്ന് മോചിതമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കടലാസിന്റേയും , മഷി , കെമിക്കൽസ് , പ്ലേറ്റുകൾ തുടങ്ങിയ അച്ചടി അനുബന്ധ സാമഗ്രികളുടേയും അസംസ്‌കൃത വസ്തുക്കളുടേയും വില യാതൊരു നിയന്ത്രണവുമില്ലാതെ കൂട്ടിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് കടലാസ് ഇറക്കുമതി വർദ്ധിപ്പിക്കുകയും , ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന പേപ്പറുകളുടെ വില നിയന്ത്രിക്കുകയും ചെയ്യണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ പിളള, ജില്ലാ സെക്രട്ടറി ജയിൻ കെ.ഏബ്രഹാം, ജില്ലാ ട്രഷറർ തോമസ് വർഗീസ്, മേഖല പ്രസിഡന്റ് അനിതാരാജ്, പ്രശാന്ത് , ഷാജൻ ഏബ്രഹാം എന്നിവർ പങ്കെടുത്തു.