ചെങ്ങന്നൂർ: മുതവഴി ശ്രീകുമാര മംഗലം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നടന്ന താഴികക്കുടം കവർച്ചയുമായി ബന്ധപ്പെട്ട് നീണ്ട 11വർഷത്തിനുശേഷം പ്രതികളുടെ പരാതിയൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് ക്ഷേത്രത്തെ തകർക്കാനുളള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണെന്ന് ക്ഷേത്രഭരണ സമിതി പ്രസിഡന്റ് എം.വി ഗോപകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. കവർച്ചയെ തുടർന്ന് പൊലീസ് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി. വർഷങ്ങൾ നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കി വിധി വരാനിരിക്കെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇത് ഹിന്ദുസമൂഹത്തോടുളള വെല്ലുവിളിയാണ്. പ്രതികളെ രക്ഷിക്കാൻ സി.പി.എം ആസൂത്രിത ശ്രമമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ ഘട്ടത്തിൽ ഇത്തരമൊരു അന്വേഷണം നടത്താൻ രാഷ്ട്രീയ ലക്ഷ്യത്തോടെ സ്ഥലം എം.എൽ.എ കൂടീയായ മന്ത്രി സജിചെറിയാൻ ഇടപെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി ശരത്കുമാർ ഭട്ടതിരെ രക്ഷിക്കാനുളള ശ്രമമാണ് ഇതിനുപിന്നിലെന്നും ഗോപകുമാർ പറഞ്ഞു.
രണ്ടാമത്തെ മോഷണ ശ്രമത്തിലെ പ്രതികളെ കണ്ടെത്താൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ കേസ് അന്വേഷിക്കാനോ പ്രതികളെ കണ്ടെത്താനോ ശ്രമിക്കാതെ വിചാരണപൂർത്തിയാക്കിയ കേസ് വീണ്ടും അന്വേഷിക്കുന്നത് ദുരൂഹവും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ്. എങ്കിലും ഇപ്പോൾ നടക്കുന്ന കേസന്വേഷണത്തോട് ഭരണസമിതി പൂർണമായി സഹകരിക്കുമെന്നും രണ്ടാമത്തെ മോഷണശ്രമവും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാശ്യപ്പെട്ട് ഭരണസമിതി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഗോപകുമാർ പറഞ്ഞു. പത്രസമ്മേളനത്തിൽ ക്ഷേത്രഭാരവാഹികളായ വിഷ്ണു, ബി.ജയകുമാർ,സജിത്ത് മംഗലത്ത് എന്നിവർ പങ്കെടുത്തു.