തിരുവല്ല: കാവുംഭാഗം അഞ്ചൽക്കുറ്റി - ഐപ്പ് റോഡിൽ ഹിറ്റാച്ചി കയറ്റിവന്ന മിനി ലോറിയിടിച്ച് റോഡ് സേഫ്റ്റി ഗാർഡ് തകർന്നു വീണു. ഇന്നലെ രാവിലെ 9നാണ് സംഭവം. നഗരസഭയുടെ 12 ലക്ഷം രൂപ വിനിയോഗിച്ച് ഒരു വർഷം മുമ്പ് തറയോട് പാകിയ റോഡിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങൾ നിരന്തരമായി കടന്നുപോകുന്നതിനാൽ പലഭാഗത്തും തറയോടുകൾ ഇളകി മാറിയിരുന്നു. ഇതേതുടർന്ന് വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ റോഡിന്റെ തുടക്കഭാഗത്ത് ഒരുമാസം മുമ്പ് സ്ഥാപിച്ച ഗർഡറാണ് ലോറി തട്ടി തകർന്നത്. ഗർഡറിന്റെ അറ്റകുറ്റപ്പണി നടത്താമെന്ന ഉറപ്പ് ലോറി ഉടമ നൽകിയതായി വാർഡ് കൗൺസിലർ മാത്യു ചാക്കോ പറഞ്ഞു.