പന്തളം: മാനസിക രോഗിയായ യുവാവ് ലോറിയുടെ മുകളിൽ കയറി മാരകായുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കി. തന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റു ചെയ്യണമെന്നായിരുന്നു ആവശ്യം. നിരവധി മോഷണക്കേസുകളിൽ പ്രതിയായിരുന്ന മൊട്ട വർഗീസ് എന്നു വിളിക്കുന്ന വർഗീസ് ഫിലിപ്പിന്റെ അനുജൻ മുളമ്പുഴ വലിയ തറയിൽ ജുഡി ഫിലിപ്പ് വർഗീസ് (32) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ വൈകിട്ട് അഞ്ചുമുതൽ ഒരു മണിക്കൂർ കുന്നുക്കുഴി മദ്യവില്പനശാലയ്ക്ക് സമീപത്തായിരുന്നു ഭീഷണി. കഴിഞ്ഞ ഏഴിന് രാവിലെയാണ് കുന്നുക്കുഴി വെൺകുളത്ത് വയലിൽ മൊട്ട വർഗീസിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നു വരികയാണ്. ആത്മഹത്യാ ഭീഷണി മുഴക്കിയ ജുഡിയെ ചിലർ കഴിഞ്ഞ 6ന് 'മർദ്ദിച്ചതിന് പൊലീസ് കേസെടുത്ത് പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് ഇയാൾ ഇന്നലെ വൈകിട്ട് ആത്മഹത്യാ ഭീഷണിമുഴക്കിയത്. ആദ്യം ടിപ്പറിൽ ചാടി കയറുകയും പിന്നീട് റോഡ് പണിയ്ക്ക് സിമന്റ് മിക്‌സ് ചെയ്യാൻ കൊണ്ടുവന്ന മിക്‌സർ മെഷ്യനിൽ കയറി ആയുധവുമായി വെല്ലുവിളിക്കുകയും ചെയ്തു.തുടർന്ന് അടൂരിൽ നിന്ന് അഗ്നിരക്ഷാ സേനയും പന്തളം പൊലീസും സ്ഥലത്തെത്തി.മാനസിക രോഗത്തിന് ചികിത്സ നടത്തുന്ന ആൾ ആണെന്നും ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സക്കായി പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.