1
പള്ളിക്കലിലെ ലക്ഷം വീടുകളിലൊന്ന്.

പള്ളിക്കൽ : കേരള വികസന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച ലക്ഷംവീട് ഭവന പദ്ധതിക്ക് 50 വയസ് തികയുമ്പോഴും പള്ളിക്കൽ രണ്ടാംവാർഡിലെ കോളനിവാസികളുടെ ജീവിതസാഹചര്യങ്ങൾക്ക് കാര്യമായ പുരോഗതിയൊന്നുമില്ല. മേൽക്കൂരയിലെ ഷീറ്റ് പോലും മാറ്റാനാകാതെ ദുരിതജീവിതം നയിക്കുകയാണ് പല കുടുംബങ്ങളും. 1972 ലാണ് ലക്ഷം വീട് ഭവന പദ്ധതി നടപ്പാക്കുന്നത്. ഇന്ന് അരനൂറ്റാണ്ട് പിന്നിടുകയാണ്. ലക്ഷംവീട് കോളനിയിൽ വീട് ലഭിച്ചിരുന്നത് 10 കുടുംബങ്ങൾക്കാണ്. ഒരു ഭിത്തിയുടെ ഇരുപുറങ്ങളിലുമായി രണ്ടുവീടുകൾ പണിത് രണ്ടുകുടുംബങ്ങൾക്കായി നൽകുകയായിരുന്നു. 4 സെന്റ് സ്ഥലവും ഇരട്ടവീടുകളിൽ ഒന്നും ഒരു കുടുംബത്തിന് നൽകികൊണ്ടായിരുന്നു പദ്ധതിക്ക് തുടമിട്ടത്. 15 വർഷം മുൻപ് വരെ ഈ ഇരട്ട വീടുകളിലാണ് കോളനിവാസികൾ താമസിച്ചിരുന്നത്. പട്ടികജാതി വികസന വകുപ്പിൽ നിന്ന് 35,000 രൂപയുടെ ഭവന നിർമ്മാണ സഹായം കിട്ടിയപ്പോൾ ഇരട്ടവീടുകളുടെ സ്ഥാനത്ത് നാല് സെന്റിൽ രണ്ടുമുറിയും അടുക്കളയുമുള്ള ഷീറ്റിട്ട വീട് നിർമിച്ചു. അതാണ് 50 വർഷത്തെ ജീവതത്തിൽ ഇവർക്കുണ്ടായ ഏകമാറ്റം. മേൽക്കൂരയിലെ ഷീറ്റ് മാറ്റി കോൺക്രീറ്റ് വീട് വേണമെന്നാണ് ഇവരുടെ ആഗ്രഹം. 50 വർഷത്തിനിപ്പുറം, ഒരടി മുന്നോട്ട് വച്ചുള്ള ഒരുമാറ്റവും ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലന്നതാണ് യാഥാർത്ഥ്യം. 3812 ഇരട്ട വീടുകളും 2348 ഒറ്റ വീടുകളുമാണ് ജില്ലയിൽ അന്ന് ലഭിച്ചത്.