പത്തനംതിട്ട : വന്ധ്യംകരണത്തിനുള്ള അനിമൽ ബർത്ത് കൺട്രോളിംഗ് (എ.ബി.സി)​ പദ്ധതി നിലച്ചതോടെ ജില്ലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. കൊവിഡ് സാഹചര്യത്തിൽ 2020ന് ശേഷം ജില്ലയിൽ പദ്ധതി നടന്നിട്ടില്ല.

മഴപെയ്ത് തുടങ്ങിയതോടെ നനയാതിരിക്കാൻ സമീപത്തെ കെട്ടിടങ്ങളിൽ കയറിക്കൂടുകയാണ് തെരുവുനായ്ക്കൾ. ഓടിച്ചുവിടാൻ ശ്രമിക്കുമ്പോൾ ആക്രമിക്കും. പരസ്പരം കടികൂടി പരിക്കേറ്റവ ഉൾപ്പടെ അലഞ്ഞുനടക്കുകയാണ്. ജില്ലയിൽ എല്ലാ മാസവും ആയിരത്തിനടുത്ത് പേർക്ക് നായകളുടെ കടി എൽക്കാറുണ്ടെന്നാണ് കണക്ക്. പേവിഷ ബാധയേറ്റുള്ള മരണവും ജില്ലയിൽ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . നായകൾ റോഡിന് കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നുണ്ട്. രാവിലെ പത്രം ഏജന്റുമാരും റബർ ടാപ്പിംഗ് തൊഴിലാളികളും ഇങ്ങനെ അപകടത്തിൽപ്പെടുന്നുണ്ട്.

എ.ബി.സി പദ്ധതി

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അനിമൽ ബർത്ത് കൺട്രോളിംഗ് (എ.ബി.സി) പദ്ധതി നടക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് പണം മുടക്കുന്നത് .. ആനിമൽ വെൽഫെയർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ഇല്ലെന്ന കാരണത്താൽ എ.ബി.സി പദ്ധതി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ് ഇപ്പോൾ.

ഒരു നായയ്ക്ക് 1500 രൂപ വീതമാണ് കുടുംബശ്രീ ഈടാക്കുക. ജില്ലയിൽ ആനിമൽ ഹസ്ബെൻഡറിയുടെ പുളിക്കീഴ് കേന്ദ്രത്തിലാണ് എ.ബി.സി പ്രവർത്തിച്ചിരുന്നത്. എല്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും പദ്ധതി വിഹിതത്തിൽ എ.ബി.സി പദ്ധതിക്കായി തുക മാറ്റിവയ്ക്കണം.

" തെരുവുനായ ശല്യത്തിന് പരിഹാരംകാണാൻ ജില്ലാ‌പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്. വന്ധ്യം കരണം നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേക ഉത്തരവിറക്കണം. ഹൈക്കോടതിയിൽ കേസുള്ളതാണ് ഇപ്പോൾ തടസം. "

ഓമല്ലൂർ ശങ്കരൻ

(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

-----------------------------