തിരുവല്ല: തിരുവല്ല നഗരസഭാ ചെയർപേഴ്സണും വൈസ് ചെയർമാനുമെതിരെ അവിശ്വാസത്തിന് എൽ.ഡി.എഫ് നോട്ടീസ് നൽകി. ജൂൺ 2ന് ചർച്ച നടക്കും. അഴിമതിയും ഭരണപരാജയവും ആരോപിച്ച് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ് മാമ്മൻ മാത്യുവിന്റെ നേതൃത്വത്തിൽ ഇന്നലെ റീജണൽ ഡയറക്ടറുടെ കൊല്ലം ഓഫീസിലെത്തിയാണ് നോട്ടീസ് നൽകിയത്. ഭരണകക്ഷിയായ യു.ഡി.എഫ് 16, എൽ.ഡി.എഫ് 15, ബി.ജെ.പി 7, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയാണ് കക്ഷിനില. അതേസമയം മുന്നണിയിലെ ധാരണ പ്രകാരം ഈ മാസം 31ന് സ്ഥാനം രാജിവയ്ക്കുമെന്ന് ചെയർപേഴ്സൺ ബിന്ദു ജയകുമാറും വൈസ് ചെയർമാൻ ഫിലിപ്പ് ജോർജും യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ അവിശ്വാസ ചർച്ച നടക്കാൻ സാദ്ധ്യതയില്ല. ജില്ലയിൽ യു.ഡി.എഫ് ഭരിക്കുന്ന ഏക നഗരസഭയാണിത്. ഭരണം നഷ്ടപ്പെടാതിരിക്കാൻ യു.ഡി.എഫ് ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫിലെ പ്രബലമല്ലാത്ത ചില ഘടകകക്ഷി അംഗങ്ങളെ അടർത്തിയെടുത്ത് ഭരണം പിടിക്കാൻ എൽ.ഡി.എഫും നീക്കംതുടങ്ങി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്.ഡി.പി.ഐയുടെ പിന്തുണ സംബന്ധിച്ച് ഇരുമുന്നണികളും നയം വ്യക്തമാക്കുന്നില്ല.