പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘം നടത്തുന്ന വഞ്ചിപ്പാട്ട് പഠന കളരി ഇന്ന് മുതൽ 22 വരെ മൂന്ന് മേഖലകളിലായി നടക്കും. രതീഷ് ആർ. മോഹൻ ജനറൽ കൺവീനറായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കളരി സംഘടിപ്പിക്കുന്നത്. മൂന്ന് മേഖലയിലെയും പഠന കളരിക്ക് സമാപനം കുറിച്ച് 22 ന് വഞ്ചിപ്പാട്ട് സമർപ്പണം പാർത്ഥസാരഥി ക്ഷേത്ര ത്തിൽ നടക്കും. സമാപന സമ്മേളനം 22ന് രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പാർത്ഥസാരഥി.ആർ.പിള്ള മുഖ്യപ്രഭാഷണം നടത്തും. കിഴക്കൻ മേഖലയിലെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് ഇടപ്പാവൂർ മുരളീധര വിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസും മദ്ധ്യമേഖല ഉദ്ഘാടനം ആറൻമുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ആർ. അജയകുമാറും പടിഞ്ഞാറൻ മേഖലയിലെ ഉദ്ഘാടനം എൻ.എസ്.എസ് ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ പി. എൻ. സുകുമാരപ്പണിക്കരും നിർവഹിക്കും. വഞ്ചിപ്പാട്ട് ആശാന്മാർക്ക് ദക്ഷിണ സമർപ്പണം പി.എസ്.എസ് ട്രഷറർ കെ. സഞ്ജീവ് കുമാർ നിർവഹിക്കും. പി.എസ്.എസ് വൈസ് പ്രസിഡന്റ് സുരേഷ് ജി. വെൺപാല സർട്ടിഫിക്കറ്റ് വിതരണം നിർവഹിക്കും.