ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ പ്രസിഡന്റായി സ്വതന്ത്ര അംഗം പി.വി. സജനെയും വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ ബീന ബിജുവിനെയും തിരഞ്ഞെടുത്തു. 13 അംഗ ഭരണ സമിതിയിൽ ഇരുവർക്കും എട്ട് വോട്ടുകൾ വീതം ലഭിച്ചു. ബി.ജെ.പി 5, സി.പി.എം 4, കോൺഗ്രസ് 3, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് പിന്തുണയിൽ സി.പി.എം ഭരിച്ചിരുന്ന തിരുവൻവണ്ടൂരിൽ ഭരണസമിതിക്കെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ മാസം 29 ന് പ്രമേയം ചർച്ച ചെയ്യുന്നതിന് മുൻപായി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കുരുവിളയും, വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവച്ചു. ഇതിനെ തുടർന്നാണ് ഇരു സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടന്നത്. രണ്ടു വർഷം തികയുന്നതിനു മുൻപ് തിരുവൻവണ്ടൂരിൽ നാലു തവണയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. രാജിക്ക് മുമ്പ് കോൺഗ്രസ് പിന്തുണയിലാണ് സി.പി.എം ഭരണം നടത്തിയിരുന്നത്. ഇത്തവണയും അവിശ്വാസപ്രമേയത്തിനു മുൻപായി രാജിവച്ച വൈസ് പ്രസിഡന്റ് എൽ എ ഡി എഫ് സ്വതന്ത്രയായി വിജയിച്ച ബീന ബിജുവിനെ വീണ്ടും തിരഞ്ഞെടുത്തു. ഫലത്തിൽ മുൻ പ്രസിഡന്റ് ബിന്ദു കുരുവിളയ്ക്കു മാത്രമാണ് സ്ഥാന ചലനമുണ്ടായത്. പകരം സ്വതന്ത്രൻ പ്രസിഡന്റായി. എന്നാൽ സി.പി.എം.-കോൺഗ്രസ് പിന്തുണയിൽ മാറ്റമുണ്ടായില്ല. ഉപ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടത്-വലത് മുന്നണികൾ ഒന്നിക്കില്ലെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ.